പേരിലെ ‘മേനോൻ’ ആവർത്തിച്ച് വി.ഡി. സതീശൻ; സുധാകരന് കൈ കൊടുത്ത് പിണറായി വിജയൻ; എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി

തിരുവനന്തപുരം: എം.എൽ.എയായുള്ള സത്യപ്രതിജ്ഞയിലും പിതാവിന്‍റെ പേരായ ‘ദാമോദര മേനോൻ’ ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വടശേരി ദാമോദര മേനോൻ സതീശൻ എന്ന് പറഞ്ഞത് വിവാദമായിരുന്നു.

‘ഞാൻ എന്‍റെ അച്ഛന്‍റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം’; അച്ഛന്‍റെ പേര് അതാണ്’ -എന്നാണ് അന്ന് വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ സങ്കടമുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞയിൽ തന്‍റെ പൂർണ പേരാണ് വായിച്ചത്.

പാസ്പോർട്ടിൽ എഴുതുന്നതും അങ്ങനെയാണല്ലോ. അച്ഛന്‍റെ പേര് പറയാൻ വേണ്ടിയാണ് പൂർണ പേര് വായിച്ചത്. അതിൽ നിറഞ്ഞ സന്തോഷമാണ്. മാതാപിതാക്കളെ ഓർക്കേണ്ടേ. അമ്മയുടെ പേര് പറയാൻ സാധിക്കാത്തതിനാലാണ് പറയാതിരുന്നത്. അച്ഛന്‍റെ പേര് പറയുന്നത് അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു. ഡോ. ജിന്റോ ജോണിനെപോലുള്ള കോൺഗ്രസ് നേതാക്കളും ഇടതുപക്ഷ അനുഭാവികളും മറ്റ് ചില സോഷ്യൽ മീഡിയ പ്രൊഫൈലുകളും മുഖ്യമന്ത്രി ‘ജാതിപ്പേര്’ ഉപയോഗിച്ചു എന്ന രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സഗൗരവം എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞക്കുശേഷം സ്പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി, ജി. സുധാകരന് കൈ കൊടുത്തു. നിറ പുഞ്ചിരിയോടെയാണ് ഇരുവരും സംസാരിച്ചത്. അമ്പലപ്പുഴയിൽ നിന്നു സ്വതന്ത്രനായി ജയിച്ച മുൻ സി.പി.എം നേതാവ് ജി. സുധാകരൻ, സഭയിലെ മുതിർന്ന നേതാവെന്ന നിലയിലാണ് പ്രോ ടേം സ്പീക്കറായത്. ജസുധാകരന് മുന്നിൽ പിണറായി വിജയൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ എത്തുമോ ഇല്ലയോ എന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു. നിയമപ്രകാരം ആദ്യദിനം പ്രോ ടേം സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാത്തവർക്ക്, പിന്നീട് സ്ഥിരം സ്പീക്കർ തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരമുണ്ട്.

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ 140 എം.എൽ.എമാരുടെയും സത്യപ്രതിജ്ഞ പൂർത്തിയായി. സത്യപ്രതിജ്ഞക്കിടെ കൗതുകമുണർത്തുന്ന കാഴ്ചകളും കാണാമായിരുന്നു. സി.പി.എം വിട്ട് തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ടി.കെ. ഗോവിന്ദൻ സത്യവാചകം ചൊല്ലുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ അടുത്തെത്തി ഹസ്തദാനം നൽകി.

കൈയടിച്ചാണ് ഭരണബെഞ്ച് വരവേറ്റത്. സി.പി.എം വിട്ട് പയ്യന്നൂരിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയും സത്യപ്രതിജ്ഞക്കുശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്തു. സഗൗരവത്തിലാണ് കുഞ്ഞികൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ.കളമശ്ശേരി എം.എൽ.എയും ഫിഷറീസ് മന്ത്രിയുമായ വി.ഇ. അബ്ദുൽ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യു.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർഥി. അതേസമയം, സ്പീക്കർ സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാർഥിയെ നിർത്തി മത്സരിക്കണമോ എന്ന കാര്യത്തിൽ പ്രതിപക്ഷമായ എൽ.ഡി.എഫ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

സ്പീക്കർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിക്കും. ചാത്തന്നൂരിൽനിന്ന് വിജയിച്ച ബി.ബി. ഗോപകുമാറാകും സ്പീക്കർ സ്ഥാനാർഥി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് കന്നഡ ഭാഷയിലാണ് സത്യവാചകം ചൊല്ലിയത്. കോഴിക്കോട് സൗത്ത് എം.എൽ.എ ഫൈസൽ ബാബുവും മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനും ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. സൈക്കിളിൽ നിയമസഭയിലെത്തി പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ, ടീ ഷർട്ടിൽ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ചിത്രവും ആലേഖനം ചെയ്തിരുന്നു.

Tags:    
News Summary - The oath-taking of MLAs has been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.