കോട്ടയം: അടിച്ചിറയിൽ വീട്ടിലെ കിടപ്പുമുറിയിൽ പ്രവാസി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഏറ്റുമാനൂർ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസിനെയാണ് (63) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി കെ.ജി അനീഷ്, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. ഷിജി, കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ലൂക്കോസിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ലൂക്കോസിന്റെ ഭാര്യ ലിൻസാണ് കഴുത്തറുത്ത് ബെഡ്‌റൂമിൽ കിടക്കുന്ന നിലയിൽ ലൂക്കോസിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന്, മകൻ ക്ലിൻസിനെയും അയൽവാസികളെയും വിവരം അറിയിച്ചു. ഇവരാണ് ഗാന്ധിനഗർ പൊലീസിനെ അറിയിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തിയ ശേഷം പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് കഴുത്തിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയതിന് സമീപം വിദേശത്തുനിന്ന് കൊണ്ടുവന്ന കത്തി കണ്ടെത്തി. ഈ കത്തി ഉപയോഗിച്ചാണ് കഴുത്തറുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വീട്ടിലെ ബെഡ്‌റൂമിന്റെ കട്ടിലിൽ ചാരിക്കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കഴുത്തിന്റെ ഇടത് വശത്തുനിന്ന് താഴേക്ക് ആഴത്തിലുള്ള മുറിവുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അബൂദബിയിൽ എണ്ണ കമ്പനിയിൽ എൻജിനീയറായ ഇദ്ദേഹം കഴിഞ്ഞ മെയിലാണ് ജോലി അവസാനിപ്പിച്ച് നാട്ടിൽ എത്തിയത്. നാളെ ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകളുടെ വിവാഹ നിശ്ചയം കണ്ണൂരിൽ നടക്കാനിരിക്കെയാണ് ദുരൂഹ മരണം ഉണ്ടായത്. സംഭവത്തിൽ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.