അറസ്റ്റിലായ കുഞ്ഞുമോന്, അശ്വമ്മ, കിരണ്‍, കൊല്ലപ്പെട്ട ദിനേശന്
അമ്പലപ്പുഴ: മാതാവിന്റെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. വൈദ്യുതാഘാതമേറ്റ് ഗൃഹനാഥനെ ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്. വൈദ്യൂതി വകുപ്പ് ജീവനക്കാരുടെ പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.
പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കല്ലുപുരക്കൽ ദിനേശൻ (50) മരിച്ച സംഭവത്തിലാണ് സമീപവാസിയായ കൈതവളപ്പ് കുഞ്ഞുമോൻ (55), ഭാര്യ അശ്വമ്മ (അശ്വതി-50), മകൻ കിരൺ (28) എന്നിവരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ദിനേശന്റെ പെൺസുഹൃത്താണ് അശ്വമ്മ. കിരണാണ് ദിനേശനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കുടുംബവുമായി പിണങ്ങിക്കഴിയുന്ന ദിനേശൻ ഇടക്ക് അശ്വമ്മയുടെ വീട്ടിൽ എത്തുമായിരുന്നു. ഇതറിഞ്ഞ കിരൺ വെള്ളിയാഴ്ച രാത്രി വീടിനുപിന്നിൽ എർത്ത്വയർ ഇടുകയായിരുന്നു. ഇതിൽ കുരുങ്ങിയാണ് ദിനേശൻ മരിച്ചതെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. മരിച്ചെന്ന് ഉറപ്പാക്കാൻ കിരൺ വീണ്ടും എർത്തടിപ്പിച്ചു. കൈക്കും കഴുത്തിനും അരക്കുതാഴെയും കരിഞ്ഞ പാടുകളുണ്ട്. മരിച്ചെന്ന് ഉറപ്പായശേഷം മൃതദേഹം വലിച്ചിഴച്ച് വീട്ടിൽനിന്ന് 150 മീറ്ററോളം അകലെ വയലിൽ കൊണ്ടിട്ടു. കിരണും കുഞ്ഞുമോനും ചേര്‍ന്നാണ് മൃതദേഹം വലിച്ചിഴച്ച് വയലില്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.
ദിനേശന്റെ ദേഹത്ത് പായലും മറ്റും പറ്റിപ്പിടിച്ചിരുന്നു. എർത്തിടാൻ ഉപയോഗിച്ച ഇലക്ട്രിക് വയർ കിരണിന്റെ വീടിന്റെ പിന്നിൽനിന്ന് കണ്ടെത്തി. രണ്ടാമതും എർത്തടിപ്പിച്ച കോയിൽ കിരൺ വലിച്ചെറിഞ്ഞെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇതും പൊലീസ് കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. വീടിനുള്ളിലെ സോക്കറ്റിൽനിന്നാണ് എർത്തിട്ടതെന്നും വൈദ്യുതി വകുപ്പ് ജീവനക്കാരുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ടാണ് ദിനേശനെ മരിച്ചനിലയിൽ കണ്ടത്. ശനിയാഴ്ച രാവിലെ വയലിൽ ചൂണ്ടയിടാനെത്തിയ കുട്ടിയാണ് ദിനേശൻ കിടക്കുന്നത് കണ്ടത്. വീട്ടിലെത്തി വിവരങ്ങൾ പറഞ്ഞെങ്കിലും മദ്യപിച്ച് കിടക്കുകയായിരിക്കും എന്നാണ് കരുതിയത്. എന്നാൽ, വൈകീട്ടോടെയും എഴുന്നേൽക്കാതിരുന്നതിൽ സംശയം തോന്നിയ നാട്ടുകാർ വിവരം പഞ്ചായത്ത് അംഗം രജിത് രമേശനെ അറിയിച്ചു. ഇദ്ദേഹം വിവരമറിയിച്ചതിനെത്തുടർന്ന് പുന്നപ്ര പൊലീസ് എത്തിയപ്പോഴാണ് ദിനേശൻ മരിച്ചതായി അറിയുന്നത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് വൈദ്യുതാഘാതമാണ് മരണകാരണമെന്നറിഞ്ഞത്.
ദിനേശന്റെ മരണാനന്തര ചടങ്ങിൽ കിരൺ സജീവമായിരുന്നു. ഷോക്കേറ്റാണ് മരിച്ചതെന്ന് വ്യക്തമായതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, വൈദ്യുതാഘാതമേൽക്കേണ്ട ചുറ്റുപാടിലല്ല മൃതദേഹം കിടന്നത്. തുടർന്നാണ് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. വീടുകളിൽ നടത്തിയ പരിശോധനയിലാണ് കിരണിന്റെ വീട്ടിലെ മീറ്ററിൽനിന്ന് വെള്ളിയാഴ്ച രാത്രി അധികവൈദ്യുതി ഉപയോഗം നടന്നതായി കണ്ടെത്തിയത്. തുടർന്നാണ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകം കിരണിന്റെ പിതാവ് കുഞ്ഞുമോൻ അറിഞ്ഞിട്ടും മൂടിവെച്ചെന്ന് പൊലീസ് പറയുന്നു. ദിനേശന് വയലില്‍ കിടക്കുന്ന വിവരം ചൂണ്ടയിടാനെത്തിയ കുട്ടി ആദ്യം പറഞ്ഞത് അശ്വമ്മയോടാണ്. മദ്യപിച്ച് കിടക്കുന്നതായിരിക്കുമെന്നും മറ്റാരോടും പറയേണ്ടെന്നും അവർ പറഞ്ഞതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.