പിണറായി വിജയൻ

പൊതുമേഖലയിലും സ്ഥിരപ്പെടുത്തൽ നീക്കം തകൃതി

തിരുവനന്തപുരം: സർക്കാർ വകുപ്പുകളിൽ മാത്രമല്ല പൊതുമേഖല സ്ഥാപനങ്ങളിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തിരക്കിട്ട നീക്കം. ഇടത് അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരുടെ പട്ടിക തയാറാക്കൽ പുരോഗമിക്കുകയാണ്. സർക്കാർ വകുപ്പുകളിൽ പട്ടിക തയാറാക്കൽ അന്തിമഘട്ടത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പട്ടികയിലുള്ളവരെ സ്ഥിരപ്പെടുത്താനാണ് നീക്കം.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന ഘട്ടത്തിലും സമാനനിലയിൽ കൂട്ടത്തോടെ സ്ഥിരപ്പെടുത്തൽ നടന്നിരുന്നു. ഇതിൽ ഭൂരിഭാഗവും രാഷ്ട്രീയ സ്വാധീനം വഴിയാണ് നിയമനം നേടിയത്. അന്ന് കടുത്ത പ്രതിഷേധമുയർന്നതിനെ തുടർന്ന് ഇത്തരം നിയമനങ്ങൾ നിരോധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഈ ഉത്തരവ് നിലനിൽക്കുമ്പോഴാണ് വീണ്ടും കുറുക്കുവഴി നീക്കങ്ങൾ. നിലവിലെ ഉത്തരവ് ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിർപ്പ് രേഖപ്പെടുത്തിയാൽ മന്ത്രിസഭയിൽവെച്ച് പ്രത്യേക അനുമതിയോടെ പാസാക്കാനാണ് ശ്രമം.

ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് അഞ്ഞൂറോളം പേരെ മന്ത്രിസഭ തീരുമാനപ്രകാരം സ്ഥിരപ്പെടുത്തിയിരുന്നു. പി.എസ്‌.സി റാങ്ക് പട്ടികയിലുൾപ്പെട്ടവർ കോടതിയെ സമീപിച്ചതിനാൽ കേരള ബാങ്കിലടക്കം തുടർന്നുള്ള സ്ഥിരപ്പെടുത്തൽ സർക്കാർ മരവിപ്പിച്ചു. അന്ന് അവസരം ലഭിക്കാതെപോയവരടക്കം പുതിയ പട്ടികയിലുണ്ടെന്നാണ് വിവരം. സംവരണമടക്കം അട്ടിമറിക്കുംവിധം താൽക്കാലിക-കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ കോടതി വിധിയുണ്ടെങ്കിലും തന്ത്രപൂർവം മറികടക്കുകയാണ്.

ഒറ്റത്തവണത്തേക്കുമാത്രമാണ് സ്ഥിരപ്പെടുത്തൽ അനുവദിക്കുന്നതെന്നും ഇതൊരു കീഴ്‌വഴക്കമാകരുതെന്നുമാണ് കോടതിവിധി. ഇതേ വിധി ചൂണ്ടിക്കാട്ടിയാണ് നിയമനങ്ങൾക്ക് നിയമസാധുത നൽകുന്നതെന്നാണ് കൗതുകകരം.

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ പി.എസ്.സി നിയമനം തുടങ്ങാത്ത ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തമെന്നാണ് ചട്ടം. ത് കാറ്റില്‍പറത്തിയാണ് വകുപ്പുകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്നത്. ഇത് പിന്നീട് സ്ഥിരനിയമനങ്ങൾക്ക് വഴിമാറുന്നു.

കേരളത്തില്‍ വര്‍ഷം 33,000 ഒഴിവുകളാണ് താൽക്കാലികാടിസ്ഥാനത്തില്‍ വരുന്നത്. ഇതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളൂ. ബാക്കി 22,000 ഒഴിവുകളിൽ വര്‍ഷവും വേണ്ടപ്പെട്ടവരെ നിയമിക്കുന്നെന്നാണ് പ്രതിപക്ഷ ആരോപണം.

Tags:    
News Summary - The move to regularize the public sector is also underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.