തിരുവനന്തപുരം: മൂന്നാം ഇടതുസർക്കാർ രൂപവത്കരണത്തിനുള്ള സെമി ഫൈനൽ പോരാട്ടമായി കണ്ട് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇടതുമുന്നണി. വിവാദങ്ങൾക്കുപിന്നാലെ പോകാതെ സർക്കാറിന്‍റെ വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും പറഞ്ഞാണ് വോട്ട് തേടുക. ക്ഷേമ പെൻഷൻ 2000 രൂപയാക്കിയതാണ് തുറുപ്പുചീട്ട്. ‘നവകേരളം ഐശ്വര്യകേരളം, ജനക്ഷേമ സർക്കാർ മുന്നോട്ട്’ എന്നതിലൂന്നിയാകും പ്രചാരണം.
ഞായറാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും എൽ.ഡി.എഫ് യോഗവും തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി. തെരഞ്ഞെടുപ്പിന് മുന്നണി സംഘടനാപരമായി ഒരുങ്ങിയെന്നും മിക്കയിടത്തും സീറ്റ് ചർച്ചകൾ പൂർത്തിയായെന്നും കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. സർക്കാറിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളിലൂന്നിയാകും പ്രധാന പ്രചാരണം. ക്ഷേമപദ്ധതി ഗുണഭോക്താക്കളുടെ സംഗമങ്ങളടക്കം പ്രദേശികതലത്തിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലതല സീറ്റുചർച്ച ഏറെക്കുറെ പൂർത്തിയാക്കി. പ്രാദേശികതലത്തിലേത് പുരോഗമിക്കുകയാണ്. ചെറുപാർട്ടികൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെങ്കിലും ഡീലിമിറ്റേഷന്‍റെ ഭാഗമായി അധികംവന്ന വാർഡുകളിൽ ആദ്യ പരിഗണന സി.പി.എമ്മിനും സി.പി.ഐക്കുമായിരിക്കും. പശ്ചാത്തല വികസനത്തിനടക്കം ഊന്നൽ നൽകി ജനകീയമായാണ് പ്രാദേശിക പ്രകടനപത്രികകൾ തയാറാക്കുക. സംസ്ഥാനതലത്തിൽ പ്രകടനപത്രിക തയാറാക്കാനുള്ള ഉപസമിതിക്ക് യോഗം രൂപംനൽകി.
പി.എം ശ്രീയിലെ തർക്കം സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ പരിഹരിച്ചതിനാലും മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് ആദ്യം എൽ.ഡി.എഫിൽ വെക്കുമെന്ന് കൺവീനർ അറിയിച്ചതിനാലും ഇക്കാര്യം യോഗം ചർച്ചചെയ്തില്ല. ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാർ സ്ഥാനാർഥികളായാൽ പുതിയ സെക്രട്ടറിമാരെ ആദ്യമേ തെരഞ്ഞെടുക്കാനും സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരെയും എയ്ഡഡ് സ്കൂൾ അധ്യാപകരെയും അത്യാവശ്യ സാഹചര്യത്തിൽ മാത്രം സ്ഥാനാർഥിത്വത്തിന് പരിഗണിച്ചാൽ മതിയെന്നുമാണ് സി.പി.എം തീരുമാനം. പൊതുസ്ഥാനാർഥികളെ രംഗത്തിറക്കിയാൽ കഴിയുന്നതും പാർട്ടി ചിഹ്നത്തിൽ ജനവിധി തേടും. രണ്ടോ അതിലേറെയോ തവണ തുടർച്ചയായി മത്സരിച്ച് വിജയിച്ചവരെ ഇക്കുറി ഒഴിവാക്കും. മറ്റുവഴികളില്ലെങ്കിലേ ഇവർക്ക് വീണ്ടും അവസരം നൽകൂ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.