ആലപ്പുഴ: ഭരണം നിലനിർത്താനും പിടിച്ചെടുക്കാനും കേരളത്തിലെ മുന്നണികളിൽ മതേതര കുപ്പായമിട്ട മുസ്ലിം ലീഗ് ലക്ഷണമൊത്ത വർഗീയ സംഘനയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി മുഖപത്രമായ ‘യോഗനാദ’ത്തിൽ ‘‘വേട്ടയാടാൻ വരുന്നവരോട്’’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് രൂക്ഷവിമർശനം.
വർഗീയ സംഘടനയായ ലീഗിനെ താലോലിക്കുന്നത് കാണുമ്പോൾ മിണ്ടാതിരിക്കാനാവില്ല. ലീഗിനെ വിമർശിക്കുമ്പോൾ വർഗീയവാദിയാക്കുന്ന സ്ഥിതിയാണ് കേരളത്തിൽ. തന്നെ തെരഞ്ഞെടുപിടിച്ച് ചില ശക്തികൾ നിരന്തരം ആക്ഷേപിക്കുകയാണ്. എസ്.എൻ.ഡി.പിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാവില്ല.
ഭൂരിപക്ഷ ഹിന്ദുജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നു. അതിനുപിന്നിൽ ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം ലീഗുമുണ്ട്. മുസ്ലിം മതസമൂഹത്തെയല്ല, ലീഗിനെയാണ് എതിർക്കുന്നതെന്ന് എത്രയോവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഭരണത്തിൽ പങ്കാളിയായാൽ സ്വാഭാവികമായും അവർ വർഗീയമായി മാത്രമേ പ്രവർത്തിക്കൂ. അതിന് തെളിവാണ് ലീഗിന്റെ ജനപ്രതിനിധികളും പേഴ്സനൽ സ്റ്റാഫും അവർ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്തികളിൽ ഇരിക്കുന്നവരും.
വോട്ടർപട്ടിക കേസ്, തെരഞ്ഞെടുപ്പ് കേസ്, മൈക്രോഫിനാൻസ് കേസ്, കമ്പനി നിയമകേസ്, എസ്.എൻ ട്രസ്റ്റ് കേസ്, കെ.കെ. മഹേശൻ ആത്മഹത്യ കേസ് തുടങ്ങി അനവധി കേസുണ്ട്. ഒന്നിലും തനിക്കെതിരെ വിധിയില്ല. കേസുകൾ കോടതികളിൽ വാദിച്ച് ജയിക്കാൻ കഴിയാത്തവർ വഴിയിൽ മൈക്ക് കെട്ടി വിളിച്ചുപറഞ്ഞ് ആക്ഷേപിക്കുകയാണ്. ചില ദൃശ്യമാധ്യമങ്ങൾ അത് അജണ്ടയായി ഏറ്റെടുത്തിട്ടുണ്ട്. ഇടതുപക്ഷ പാർട്ടികളുടെ നട്ടെല്ലായ ഈഴവ സമുദായത്തെ അവഗണിച്ച് ന്യൂനപക്ഷ പ്രീണത്തിന് പോയതാണ് ഇടതുമുന്നണിയുടെ ദയനീയ പരാജയത്തിന് കാരണം. അതിന്റെ പേരിലും കടുത്ത വിമർശനം നേരിടുന്നതായി വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.