വഖഫ് ബോർഡ് പിരിച്ചുവിടും; ഉമർ ഫൈസിയും ചെയർമാൻ കെ.എസ് ഹംസയും പുറത്താകും
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന്റെ അവസാനകാലത്ത് പുനഃസംഘടിപ്പിച്ച സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടും. ഇതുസംബന്ധിച്ച് മുന്നണി തലത്തിലും സർക്കാർ തലത്തിലും ധാരണയായി. ബോർഡ് പുനഃസംഘടനയിൽ സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഹൈകോടതി വ്യക്തമാക്കിയതോടെയാണ് ഇത്. എന്നാൽ ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന കേന്ദ്ര വഖഫ് നിയമഭേദഗതിയിലെ വ്യവസ്ഥ, സുപ്രീംകോടതി പരിഗണനയിലുള്ള കേസിലെ അന്തിമ വിധിക്ക് ശേഷം തീരുമാനമെടുക്കും. അതുവരെ ആ സ്ഥാനം ഒഴിച്ചിടും.
പുനഃസംഘടിപ്പിക്കുന്ന ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നിശ്ചയിക്കുന്ന ചർച്ച അന്തിമ ഘട്ടത്തിലാണ്. പിരിച്ചുവിടൽ നീക്കത്തിനെതിരെ നിലവിലെ ചെയർമാൻ കെ.എസ് ഹംസയും അംഗം മുക്കം ഉമർ ഫൈസിയും കോടതിയെ സമീപിച്ചിരുന്നു. എൽ.ഡി.എഫ് കാലത്തെ ബോർഡ് പുനഃസംഘടനയിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയില്ലെന്നത് ഉൾപ്പെടെയുള്ള ഹരജികളാണ് ഹൈകോടതിക്ക് മുന്നിലെത്തിയത്. ഈ കേസിലാണ് ബോർഡ് പുനഃസംഘടനയിൽ സർക്കാറിന് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
2026 ഫെബ്രുവരി നാലിനാണ് ഭേദഗതി വരുത്തിയ കേന്ദ്ര വഖഫ് നിയമം അടിസ്ഥാനപ്പെടുത്തി എൽ.ഡി.എഫ് സർക്കാർ പുതിയ വഖഫ് ബോർഡ് രൂപവത്കരിച്ചത്. പി.എസ്.സി മുൻ ചെയർമാൻ അഡ്വ. എം.കെ സക്കീറിനെ ചെയർമാനാക്കി. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സക്കീർ രാജിവെച്ചതോടെ കെ.എസ് ഹംസയെ ചെയർമാനാക്കി. അഞ്ച് വർഷം കാലാവധിയുള്ള ബോർഡിന് യു.ഡി.എഫ് സർക്കാറിന്റെ അവസാനകാലം വരെ തുടരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.