ഡോ. അബ്ദുല്ല പാലേരിയുടെ കാമറയിൽ പതിഞ്ഞ് വളയിട്ട തെറ്റിക്കൊക്കൻ
ആറു വർഷങ്ങൾക്ക് ശേഷം അപൂർവ്വ അതിഥിയെത്തി; എലത്തൂരിൽ പ്രത്യക്ഷപ്പെട്ട് കാലിൽ വളയമിട്ട തെറ്റിക്കൊക്കൻ
പേരാമ്പ്ര: എലത്തൂരിലെ കടൽത്തീരം ദേശാടനപ്പക്ഷികളുടെ സ്ഥിരം താവളമാണ്. ഹിമാലയമേഖലകളിൽനിന്നും മധ്യേഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും വർഷംതോറും ഇവിടെ ദേശാടനപ്പക്ഷികൾ എത്താറുണ്ട്. ഈ വർഷം സെപ്റ്റംബറിൽ എലത്തൂരിൽ എത്തിയ പക്ഷികളിൽ ഒരപൂർവസന്ദർശകൻ ഉണ്ടായിരുന്നു. അതിന്റെ വലതുകാലിൽ ഒരു കറുത്ത അടയാളക്കൊടിയും ഇടതുകാലിൽ ഒരു ലോഹ വളയവുമുണ്ടായിരുന്നു. പക്ഷിഗവേഷകനും പേരാമ്പ്ര ഡിഗ്നിറ്റി കോളജിലെ അധ്യാപകനുമായ ഡോ. അബ്ദുല്ല പാലേരിയുടെ കാമറയിലാണ് ഈ പക്ഷിയുടെ ഫോട്ടോ പതിഞ്ഞത്. മധ്യ ഏഷ്യയിലും യൂറോപ്പിലും കൂടുകൂട്ടുന്ന ഒരു തെറ്റിക്കൊക്കൻ (യൂറേഷ്യൻ വിംബ്രെൽ) പക്ഷിയാണിത്.
ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയാണ് (ബി.എൻ. എച്ച്.എസ്) തെക്കേ ഇന്ത്യയിലെ ദേശാടനപ്പക്ഷികളെക്കുറിച്ചു പഠിക്കാനായി കാലിൽ കറുത്ത കൊടിയടയാളം അണിയിച്ചുവിട്ടത്. കൂടുതൽ വിവരങ്ങൾക്കായി പക്ഷിയുടെ ഫോട്ടോ ബി.എൻ.എച്ച്.എസിലേക്ക് അയച്ചുകൊടുത്തു. 2020 ജനുവരിയിൽ കടലുണ്ടിയിൽ ബി.എൻ.എച്ച്.എസിലെ ശാസ്ത്രജ്ഞനായ എസ്. ശിവകുമാർ വളയമിട്ടുവിട്ട പക്ഷിയെയാണ് 2026 സെപ്റ്റംബറിൽ എലത്തൂരിൽ കണ്ടെത്തിയതെന്ന് ബി.എൻ.എച്ച്.എസ് സ്ഥിരീകരിച്ചു. ആറു വർഷത്തിനിടെ ആദ്യമായിട്ടാണ് ഈ പക്ഷിയെ കണ്ടെത്തുന്നത്.
സാധാരണയായി തെറ്റിക്കൊക്കൻപക്ഷികളെ ആഗസ്റ്റ് മുതൽ മേയ് വരെയാണ് കേരളത്തിൽ കണ്ടുവരുന്നത്. വളയമിട്ടുവിട്ട പക്ഷി മധ്യ ഏഷ്യയിലേക്കോ യൂറോപ്പിലോക്കോ തിരികെപോയി ഈ വർഷം എലത്തൂരിൽ എത്തിയതാകാം. കഴിഞ്ഞവർഷങ്ങളിൽ ഈ പക്ഷി കേരളത്തിൽ എത്തിയതായി തെളിവില്ലെന്ന് അബ്ദുല്ല പറഞ്ഞു. അടയാളക്കൊടിയും വളയവുമിട്ട് വിടുന്ന പക്ഷികളെ വീണ്ടും കണ്ടെത്തുന്നത് പക്ഷികളുടെ ദേശാടനത്തെക്കുറിച്ച് വിലപ്പെട്ട അറിവുകൾ ലഭിക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.