പരാതിക്കാരോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: പരാതിയുമായി വരുന്നവരോട് മാന്യമായി പെരുമാറേണ്ട ബാധ്യത പൊലീസിനുണ്ടെന്ന് മനുഷ്യാവകാശ കമീഷൻ. പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണം പരാതിക്കാരിൽ നിന്നുമുണ്ടാകാതിരിക്കാൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും കമീഷൻ ആക്ടിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.

മെഡിക്കൽ കോളജ് എസ്.ഐക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. വിജയബാബു എന്നയാൾ അനധികൃതമയി നിലം നികത്തി കെട്ടിട നിർമാണം നടത്തുന്നുവെന്ന പരാതിയുമായി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയ കണ്ണമൂല സ്വദേശികളായ ശശിധരനെയും മകൻ പ്രദോഷിനെയും എസ്.ഐ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് പരാതി.

കമീഷൻ കഴക്കൂട്ടം അസിസ്റ്റന്റ് കമീഷണറിൽ നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി വിഷയം സിവിൽ തർക്കമായതിനാൽ കോടതി മുഖാന്തിരം പരിഹരിക്കണമെന്ന് പറഞ്ഞപ്പോൾ സ്റ്റേഷനിലെ ദൃശ്യങ്ങൾ പകർത്തി പരാതിക്കാരന്റെ മകൻ സമൂഹ മാധ്യമത്തിൽ തത്സമയ സംപ്രേക്ഷണം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് കമീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് കേസ് അന്വേഷിച്ചു.

ഈ വിഷയത്തിൽ അനധികൃത നിർമാണം നിർത്തിവെക്കാൻ ഹൈകോടതി ഉത്തരവുണ്ടായെന്നും ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ നഗരസഭ മെഡിക്കൽ കേളജ് പൊലീസിന് കത്ത് നൽകിയെന്നും കമീഷൻ കണ്ടെത്തി. നഗരസഭയുടെ കത്തുമായി സ്റ്റേഷനിലെത്തിയ പരാതിക്കാരെ എസ്.ഐ മർദിച്ചെന്നാണ് ആരോപണം. നഗരസഭയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സിവിൽ വിഷയമായതിനാൽ നടപടിയെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് എസ്.ഐ പരാതിക്കാരെ അറിയിച്ചു.

തുടർന്ന് എസ്.ഐയും പരാതിക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. സ്റ്റേഷൻ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രദോഷിന്റെ കൈയിൽ നിന്നും പൊലീസ് പിടിച്ചുവാങ്ങിയ ശേഷം മർദിച്ചെന്നാണ് പരാതി. അതേസമയം മർദനമേറ്റതിന് ചികിത്സ തേടിയതിന്റെ രേഖകൾ പരാതിക്കാർ കമിഷനിൽ ഹാജരാക്കിയില്ല.

തുടർന്ന് ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കമീഷൻ കലക്ടറോട് നിർദേശിച്ചു. വിജയ്ബാബു എന്നയാൾ തണ്ണീർതട സംരക്ഷണ നിയമം ലംഘിച്ചുവെന്നും ഭൂമി പൂർവ സ്ഥിതിയിലാക്കാൻ കലക്ടർ നിർദേശം നൽകിയെന്നും കലക്ടർ കമീഷനെ അറിയിച്ചു. എന്നാൽ കലക്ടറുടെ ഉത്തരവ് വിജയ്ബാബുവിന്റെ റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തിൽ ഹൈകോടതി റദ്ദാക്കി.

പരാതിക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെങ്കിൽ പരാതി ലഭിച്ചാൽ പൊലീസ് സഹായം നൽകണമെന്ന് കമീഷൻ കഴക്കൂട്ടം അസിസ്റ്റന്റ് കമീഷണർക്ക് നിർദേശം നൽകി.

Tags:    
News Summary - The Human Rights Commission has asked the police to treat the complainants with respect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.