റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ ഉണ്ടാകുന്ന ഒഴിവുകൾ കെ.എ.ടിയെ അറിയിക്കണമെന്ന് ഹൈകോടതി

കൊച്ചി: പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ ഉണ്ടായ ഒഴിവുകളുടെ വിവരങ്ങൾ കേരള അഡ്‌മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) ആവശ്യപ്പെട്ടാൽ മൂന്നു മാസത്തിനകം അറിയിക്കണമെന്നും ഈ ഒഴിവുകളിലേക്ക് നിയമനം നടത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് വിശദീകരിക്കണമെന്നും ഹൈകോടതി. കോഴിക്കോട് ജില്ലയിലെ യു.പി സ്കൂൾ അസിസ്റ്റന്‍റ് നിയമനവുമായി ബന്ധപ്പെട്ട കേസിൽ കെ.എ.ടി നൽകിയ ഉത്തരവിനെതിരെ പി.എസ്.സി അടക്കം നൽകിയ ഹരജികളിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിർദേശം നൽകിയത്.

കോഴിക്കോട് ജില്ലയിലെ യു.പി സ്കൂൾ അസിസ്റ്റന്‍റ് തസ്തികയിൽ ഒഴിവുണ്ടായിട്ടും നിയമനം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 2016ൽ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ നൽകിയ ഹരജിയാണ് കെ.എ.ടി പരിഗണിച്ചത്.ആ കാലയളവിൽ നിലവിലുണ്ടായിരുന്ന ഒഴിവുകൾ പൂർണമായും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. നൂറോളം ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പും വിശദീകരിച്ചു. തുടർന്ന്, 58 ഒഴിവിൽ 2016ലെ റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്താൻ കെ.എ.ടി ഉത്തരവിട്ടു. ഇതിനെതിരെയാണ് പി.എസ്.സിയും ചില ഉദ്യോഗാർഥികളും ഹൈകോടതിയെ സമീപിച്ചത്.

നൂറ് ഒഴിവുണ്ടായിട്ടും 58 ഒഴിവിൽ നിയമനം നടത്താനുള്ള ഉത്തരവ് നിയമപരമല്ലെന്നായിരുന്നു ഉദ്യോഗാർഥികളുടെ വാദം. എന്നാൽ, ഈ തസ്തികയിലേക്ക് 2018ൽ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നു. മാത്രമല്ല, 2019 ൽ പുതിയ വിജ്ഞാപനവും പുറപ്പെടുവിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി ഹരജി നൽകിയത്. 

Tags:    
News Summary - The High Court should inform the KAT of the vacancies that arise while the rank list is in existence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.