ടൂറിസം മേഖലക്ക് വ്യവസായ പദവി ലഭ്യമാക്കാൻ സർക്കാർ ശ്രമം തുടരും -മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: ടൂറിസം മേഖലയിൽ ബിസിനസ് സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ-വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗ്ലോബൽ ട്രാവൽ മാർക്കറ്റ് പോലുള്ള വേദികൾ ഏറെ സഹായകരമാണെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. കോവളം ലീല ഹോട്ടലിൽ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലക്ക് വ്യവസായ പദവി ലഭ്യമാക്കുന്നതിനുള്ള സർക്കാറിന്റെ ശ്രമങ്ങൾ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലെ ഉത്തരവാദിത്ത ടൂറിസം മാതൃകയിൽ നിന്ന് കേരള ടൂറിസത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുന്നതും വരാനിരിക്കുന്ന ബജറ്റിൽ അവ ഉൾപ്പെടുത്തുന്നതും സർക്കാറിന്റെ സജീവ പരിഗണനയിലാണ്. പൈതൃകം, ഉത്തരവാദിത്ത ടൂറിസം, ആയുർവേദ പാരമ്പര്യം, മനോഹരമായ ബീച്ചുകൾ, കായലുകൾ, ഹിൽസ്റ്റേഷനുകൾ, സാംസ്കാരിക വൈവിധ്യം എന്നിവയിലൂടെ ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കേരളം ഇതിനകം മാറിയിട്ടുണ്ട്. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെയാണ് സംസ്ഥാനം ആകർഷിക്കുന്നത്. സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ പ്രധാന നെടുംതൂണുകളിലൊന്നാണ് ടൂറിസം. വിവിധ അനുബന്ധ മേഖലകളിലായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഈ മേഖല നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് (പി.പി.പി) സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. സർക്കാർ ഏജൻസികൾ, സ്വകാര്യ ടൂറിസം ഓപ്പറേറ്റർമാർ, നിക്ഷേപകർ, പ്രാദേശിക സമൂഹം എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കേരള ടൂറിസത്തിന്റെ ഈ നേട്ടമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - The government will continue its efforts to grant industrial status to the tourism sector - Minister P.C. Vishnunadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.