മലപ്പുറം: ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്ന കാര്യത്തിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി സ്പോൺസർമാരാണ് കരാർ ഒപ്പുവെച്ചിട്ടുള്ളത്. അവർ തമ്മിലാണ് കരാറെന്ന് മന്ത്രി വ്യക്തമാക്കി. അര്‍ജന്‍റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരാനുള്ള പണവും സ്പോണ്‍സര്‍ അടച്ചിട്ടുണ്ട്. സര്‍ക്കാരിന് ആരുമായും കരാറില്ല. സ്പോണ്‍സര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കരാറൊപ്പിട്ടതെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാനായി സ്പെയിനിലേക്ക് പോയതിന്13 ലക്ഷം ചെലവാക്കിയെന്ന ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. മെസിയെ കാണാൻ ഇവിടെ നിന്ന് ആരും പോയില്ല. കായിക വികസനത്തിനായി വിദേശ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കാനാണ് പോയത്. യാത്രകൾ ഭരണ സംവിധാനത്തിന്റെ ഭാഗമാണ്. സ്പെയിനിൽ പോയ സമയത്ത് അവരുടെ ക്യാമ്പ് സന്ദർശിച്ചു.
അർജന്‍റീനയുടെ മാർക്കറ്റിങ് ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്സന്‍റേതെന്നന്ന പേരില്‍ ഇപ്പോള്‍ പുറത്തുവന്ന ചാറ്റിന് വിശ്വസ്യതയില്ല. തന്‍റെ കൈയിലുള്ള ലിയാൻഡ്രോയുടെ പ്രൊഫൈൽ അല്ല ഇന്ന് പുറത്ത് വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കരാറിൽ ഉള്ള കാര്യങ്ങൾ പൊതു സമൂഹത്തിൽ പറയാൻ പാടില്ലെന്നും കരാറിലുണ്ട്. അങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ കരാർ ലംഘനം നടത്തിയത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനാണ്.
വിഷയത്തില്‍ കേരളത്തിന്‍റെ താൽപര്യം കൂടി മാധ്യമങ്ങൾ പരിഗണിക്കണമെന്നും കായിക മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.