തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ യു.ജി.സി നിർദേശിച്ച യോഗ്യതയുള്ളവരുടെ പ്രിൻസിപ്പൽ നിയമനത്തിന് തടയിട്ട് ഭരണാനുകൂല അധ്യാപക സംഘടനകൾ. യോഗ്യതയുള്ളവരുടെ പട്ടികക്ക് അംഗീകാരം നൽകി ഉത്തരവിറക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി തയാറായിട്ടില്ല. സംഘടന നേതാക്കളുടെ സമ്മർദത്തിന് വഴങ്ങിയാണിതെന്നാണ് ആക്ഷേപം.
55 ആർട്സ് ആൻഡ് സയൻസ് കോളജുകൾ, രണ്ട് ട്രെയിനിങ് കോളജുകൾ, ഒരു ഫിസിക്കൽ എജുക്കേഷൻ കോളജ് ഉൾപ്പെടെ 58 സർക്കാർ കോളജുകളിലാണ് വർഷങ്ങളായി പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂല പരിഷ്കരണം പ്രഖ്യാപിച്ച സർക്കാർ, തങ്ങളുടെ അനുകൂല സംഘടനയിലുള്ളവരുടെ സമ്മർദത്തിന് വഴങ്ങി കോളജ് പ്രിൻസിപ്പൽ നിയമനംപോലും വർഷങ്ങളായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ആക്ഷേപം.
കോളജ് പ്രിൻസിപ്പൽ നിയമനത്തിനായി പരിഗണിച്ച 120 അപേക്ഷകരിൽ യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ള 43 പേരെ പ്രിൻസിപ്പൽമാരായി നിയമിക്കാൻ കോളജ് വിദ്യാഭ്യാസ വകുപ്പും പി.എസ്.സിയും സർക്കാറിന് ശിപാർശ ചെയ്തിരുന്നു. എന്നാൽ നിയമനത്തിന് തയാറാക്കിയ പട്ടികയിൽ സംഘടന നേതാക്കൾക്ക് കടന്നുകൂടാൻ കഴിയാത്തതിനാൽ രണ്ടുമാസമായി നിയമന ഉത്തരവിറക്കാൻ സർക്കാർ തയാറായിട്ടില്ല. സ്ഥിരം പ്രിൻസിപ്പൽമാരില്ലാത്തതിനാൽ സീനിയർ അധ്യാപകർക്കാണ് പ്രിൻസിപ്പൽമാരുടെ താൽക്കാലിക ചുമതല. സംഘടന നേതാക്കളെ യു.ജി.സി വ്യവസ്ഥകൾ ഇളവുചെയ്ത് പ്രിൻസിപ്പൽമാരായി നിയമിക്കുന്നതിനാണ് നിയമനം വൈകിക്കുന്നതെന്നാണ് വിവരം.
ഗവേഷണ ബിരുദവും 15 വർഷത്തെ അധ്യാപന പരിചയവും യു.ജി.സി അംഗീകൃത ജേണലുകളിൽ 10 പ്രസിദ്ധീകരണങ്ങളും 110 പോയൻറ് ഗവേഷണ സ്കോറുമാണ് പ്രിൻസിപ്പൽ നിയമനത്തിനുള്ള യോഗ്യതകൾ. എന്നാൽ മന്ത്രിയുടെമേൽ സമ്മർദം ചെലുത്തി 15 വർഷത്തെ അധ്യാപന പരിചയം എന്നത് അധ്യാപന സർവിസായി ഭേദഗതി ചെയ്ത് ഉത്തരവ് ഇറക്കിയെങ്കിലും യു.ജി.സി വ്യവസ്ഥക്ക് വിരുദ്ധമായി പ്രിൻസിപ്പൽ നിയമന പട്ടികയിൽ മാറ്റംവരുത്താൻ കോളജ് വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല. പ്രിൻസിപ്പൽ നിയമനം വൈകുന്നത് പി.എസ്.സി റാങ്ക് പട്ടികയിൽനിന്നുള്ള അസി. പ്രഫസർ നിയമനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യു.ജി.സി യോഗ്യതയുള്ളവരെ മാത്രമേ പ്രിൻസിപ്പലായി നിയമിക്കാവൂവെന്നും നിയമനം നീട്ടിക്കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
യോഗ്യതയില്ലാത്തവരടങ്ങിയ പോളിടെക്നിക് പ്രിൻസിപ്പൽ പട്ടിക നിയമക്കുരുക്കിൽ
തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമില്ലാത്ത വാരാന്ത്യ എം.ടെക് കോഴ്സ് പൂർത്തിയാക്കിയവരെ ഉൾപ്പെടുത്തി ഗവ. പോളിടെക്നിക് പ്രിൻസിപ്പൽ തസ്തികയിലേക്ക് സർക്കാർ തയാറാക്കിയ സെലക്ട് ലിസ്റ്റ് നിയമക്കുരുക്കിൽ. കഴിഞ്ഞ 12നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് 26 പേരുടെ സെലക്ട് ലിസ്റ്റ് വിജ്ഞാപനം ചെയ്തത്. ഇതിൽ 14 പേരും അംഗീകാരമില്ലാത്ത വാരാന്ത്യ എം.ടെക് കോഴ്സ് പൂർത്തിയാക്കിയവരാണ്.
വാരാന്ത്യ കോഴ്സ് വഴി പട്ടികയിൽ ഇടംപിടിച്ചവരിൽ ചിലർ ഭരണാനുകൂല സംഘടന നേതാക്കൾ കൂടിയാണ്. എ.ഐ.സി.ടി.ഇ ചട്ടപ്രകാരം യോഗ്യതയില്ലാത്തവരെ പ്രിൻസിപ്പൽ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നത് വിലക്കി കഴിഞ്ഞദിവസം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവ് നൽകിയതോടെ പട്ടിക നിയമക്കുരുക്കിലായി. പോളിടെക്നിക്കുകളിൽ എ.ഐ.സി.ടി.ഇ സ്കീം പ്രകാരമുള്ള ശമ്പളപരിഷ്കരണം കൊണ്ടുവന്നതോടെയാണ് യോഗ്യതയിൽ മാറ്റമുണ്ടായത്.
ഇതോടെ നിലവിൽ അധ്യാപകരായവർ അവധിയെടുക്കാതെയും എൻ.ഒ.സി വാങ്ങാതെയും കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ ഉൾപ്പെടെ എ.ഐ.സി.ടി.ഇ അംഗീകാരമില്ലാതെ നടത്തുന്ന വാരാന്ത്യ എം.ടെക് കോഴ്സിന് ചേരുകയും ചെയ്തിരുന്നു. ഇതിന്റെ ബലത്തിലാണ് പലരും സ്ഥാനക്കയറ്റം സംഘടിപ്പിച്ചത്. ഇതുസംബന്ധിച്ച് കേസ് നിലവിലിരിക്കെയാണ് ഇവരെ ഉൾപ്പെടുത്തി പ്രിൻസിപ്പൽ നിയമനത്തിനുള്ള സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.