ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ സര്‍ക്കുലര്‍ തിരുത്തി വനംവകുപ്പ്

തിരുവനന്തപുരം: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ തിരുത്തി വനംവകുപ്പ്. ആനയുടെ 50 മീറ്റര്‍ പരിധിയില്‍ ആളുകള്‍ നില്‍ക്കരുത്, 50 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കല്‍, താളമേളം എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവാണ് ഭേദഗതി ചെയ്തത്.

ഉത്സവങ്ങളില്‍ പൊതുജനങ്ങള്‍ക്കും ആനകള്‍ക്കും അപകടമുണ്ടാക്കുന്നത് ഒഴിവാക്കാന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത വിവിധ കേസുകളില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറത്തിറക്കിയതും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും.

ഈ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ആനയെ എഴുന്നള്ളിക്കുന്ന സ്ഥലത്തു മേളമോ പഞ്ചവാദ്യമോ നടത്താനാവില്ലെന്നു ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ആനകളെ വിട്ടുനല്‍കില്ലെന്ന് എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്നു. വിവിധ ദേവസ്വം ബോര്‍ഡുകള്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉത്തരവ് തിരുത്താന്‍ നിര്‍ദേശിച്ചത്.

ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്താമെന്നും മാറ്റങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവിലെ അപ്രായോഗിക നിര്‍ദേശങ്ങള്‍ തിരുത്തി പൂരത്തിന് ആനയെ സുരക്ഷിതമായി എഴുന്നള്ളിക്കുന്നതിനുള്ള പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണു വനം വകുപ്പിന്റെ തീരുമാനം.

Tags:    
News Summary - The Forest Department has revised the controversial circular restricting elephant poaching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.