കൊച്ചി: പിണറായി വിജയൻ ജയിക്കണമെന്നും എൽ.ഡി.എഫിന് ഭരണത്തുടർച്ച ലഭിക്കണമെന്നുമാണ് തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഈശ്വർ. മീഡിയവൺ ചാനൽ ചർച്ചയിലാണ് ഹിന്ദു വലതുപക്ഷ ആശയക്കാരൻ കൂടിയായ രാഹുൽ ഈശ്വർ ഇക്കാര്യം പറഞ്ഞത്.
''ഈ ഇലക്ഷനിൽ പിണറായി വിജയൻ ജയിക്കണമെന്നും അങ്ങനെ കോൺഗ്രസ് തകരണമെന്നും ആഗ്രഹിക്കുന്നവരാണ് തീവ്ര ഹിന്ദു വലതുപക്ഷത്ത് നിൽക്കുന്ന ആളുകൾ. കോൺഗ്രസ് മുക്തമായ കേരളവും ഭാരതവും ഉണ്ടായാൽ മാത്രമേ തങ്ങൾക്ക് സ്പേസ് ഉള്ളൂവെന്ന് ഇവർ കരുതുന്നു. അതിന് ശേഷം ആദ്യം നായർ -നസ്രാണി കോമ്പിനേഷനും പിന്നീട് നായർ -നസ്രാണി- ഈഴവ കോമ്പിനേഷനും ഇവിടെ വരണമെന്നുമാണ് ആഗ്രഹം. ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കർ അടക്കമുള്ളവർ പറയുന്നതാണ് ഇക്കാര്യം. പിണറായിയെ ഏറ്റവും കൂടുതൽ എതിർക്കുന്നവർ പോലും പിണറായി ജയിക്കണമെന്നും കോൺഗ്രസിന്റെ സ്പേസ് ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. അതാണ് കേരളത്തിലെ രാഷ്ട്രീയ സത്യം. ഇതെല്ലാവർക്കും അറിയുന്ന കാര്യമാണ്. തിരിച്ച് ഇടതുപക്ഷത്തിരിക്കുന്നവർക്കും ഇതുതന്നെയാണ് ആഗ്രഹം. നാലഞ്ച് സീറ്റ് അപ്പുറത്തേക്ക് (ബി.ജെ.പിയിലേക്ക്) പോയാലും കുഴപ്പമില്ല. കോൺഗ്രസിന്റെ സ്പേസും വോട്ടുകളും, വിശിഷ്യാ നായർ വോട്ടുകളും നസ്രാണി വോട്ടുകളും അങ്ങോട്ട് പോയാൽ തങ്ങൾക്ക് വീണ്ടും ഭരണത്തുടർച്ച കിട്ടുമെന്ന് കരുതുന്നവരാണ് അവർ -രാഹുൽ ഈശ്വർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.