വാസുവിലേക്ക് എത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ആ ഇ-മെയിൽ...

പത്തനംതിട്ട: സ്വർണക്കൊള്ളയിൽ ചിത്രത്തിലില്ലാതിരുന്ന വാസു, അന്വേഷണപരിധിയിലേക്ക് എത്തുന്നത് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിൽ അന്വേഷണസംഘത്തിന് ലഭിച്ചതോടെ. പൂശിയതിന്‍റെ ബാക്കി സ്വർണം ഉപയോഗിച്ച് നിർധനയായ പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിന് അഭിപ്രായം ചോദിച്ച് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡ് പ്രസിഡന്റിന് 2019 ഡിസംബർ ഒമ്പതിനാണ് ഇ-മെയിൽ അയച്ചത്. മെയിൽ ലഭിച്ചത് എ. പത്മകുമാറിനാണെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീടാണ് ആ സമയത്ത് വാസുവാണെന്ന് വ്യക്തമായത്.

ഇതോടെ പാളികൾ അഴിച്ചുകൊണ്ടുപോകുമ്പോൾ താൻ കമീഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നും ഇതിലൊന്നും ഒരുപങ്കുമില്ലെന്ന വാദവുമായി അദ്ദേഹം രംഗത്തെത്തി. എന്നാൽ, സംശയനിഴൽ തന്നിലേക്ക് നീങ്ങുന്നുവെന്ന് മനസ്സിലാക്കിയ വാസു, പിറ്റേന്ന് രേഖകളുമായി മാധ്യമങ്ങൾക്കു മുന്നിലെത്തി. 2019ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ കിട്ടിയ മെയിലിന്റെ കോപ്പിയായിരുന്നു അത്. പോറ്റിയും സംഘവും സംഘടിപ്പിച്ച സ്വർണം ബാക്കിവന്നതിന് ദേവസ്വം ബോർഡിന് ഉത്തരവാദിത്തമില്ലെന്നായിരുന്നു വിശദീകരണം. ശബരിമലയുടെ പേരിൽ പിരിവുനടത്തിയുണ്ടാക്കിയ സ്വർണത്തെപ്പറ്റി നിസ്സാരമായി വാസു സംസാരിച്ചതും ഈ കോപ്പികൾ എവിടുന്ന് കിട്ടിയെന്നതും അന്വേഷണസംഘത്തിൽ സംശയമുണ്ടാക്കി.

തുടരന്വേഷണത്തിൽ കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ കമീഷണറായിരുന്ന വാസു, 2019 മാർച്ച് 19ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കേസിൽ മൂന്നാം പ്രതിയാക്കിയത്. എന്നാൽ, മൂന്നാം പ്രതിയായ വാസുവിന്‍റെ അറസ്റ്റ് വൈകിയത് ഏറെ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. കട്ടിളപ്പാളി കവർന്ന കേസിൽ അഞ്ചാംപ്രതിയായ അന്നത്തെ എക്സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ് കുമാറിനെയും ആറാം പ്രതിയായ അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബുവിനെയും അറസ്റ്റ് ചെയ്തിട്ടും മൂന്നാംപ്രതിയായ വാസുവിനെ ചോദ്യംചെയ്ത് വിട്ടയച്ചത് വലിയ ചർച്ചയുമായിരുന്നു.

മുരാരി ബാബു നൽകിയ റിപ്പോർട്ടിൽ സ്വർണം പൂശിയ കട്ടിളപ്പാളികൾ എന്നായിരുന്നുവെങ്കിലും വാസു ഇത് തിരുത്തി ചെമ്പ് പാളികളെന്നാക്കി. തുടർന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇവ കൈമാറാമെന്ന ശിപാർശയോടെ റിപ്പോർട്ട് ബോർഡിന് കൈമാറി. ഇതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൊതിഞ്ഞ കട്ടിള കൈക്കലാക്കാൻ അവസരം ലഭിച്ചത്. ഇതിനുശേഷമാണ് ദ്വാരപാലക പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുക്കുന്നത്.

ഡി. സുധീഷ് കുമാറും മുരാരി ബാബുവും വാസുവിനെതിരെ അന്വേഷണസംഘത്തിന് മൊഴിയും നൽകിയിരുന്നു. സ്വർണപ്പാളികളാണെന്ന് അറിയാമായിരുന്ന വാസു, മനഃപൂർവം രേഖകളിൽ തിരുത്തൽ വരുത്തിയെന്നായിരുന്നു അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഹൈകോടതി ഇടപെടൽകൂടിയുള്ളതിനാൽ അന്വേഷണം ഇനി 2019ലെ ദേവസ്വം ബോർഡിലേക്കും എത്തുമെന്നാണ് സൂചന. കട്ടിളപ്പാളി കവർന്ന കേസിൽ എട്ടാം പ്രതിയാണ് അന്നത്തെ ദേവസ്വം ബോർഡ്.

Tags:    
News Summary - The delay in the arrest of the Vasu led to criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.