ഒളിഞ്ഞും നേര്‍ക്കുനേരെയും അയ്യങ്കാളി സ്മരണയെ അവഹേളിക്കുന്നവരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒളിഞ്ഞിരുന്നും നേര്‍ക്കുനേരെയും അയ്യന്‍കാളി സ്മരണയെ അവഹേളിക്കാന്‍ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടാതിരിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മഹാത്മ അയ്യന്‍കാളി കൊളുത്തിയ പോരാട്ടത്തിന്റെ ദീപശിഖ ഏറ്റുവാങ്ങേണ്ടവരാണ് പുതുതലമുറ. ആ തലമുറക്കൊപ്പമാണ് ഈ സര്‍ക്കാര്‍. മഹാത്മ അയ്യങ്കാളിയെ സമൂഹമാധ്യമത്തില്‍ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 153 പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ക്രൈം നം. 620/2023 ആയും എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ക്രൈം നം. 1415/2023 ആയി പട്ടികജാതി-വർഗവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

ഇതിനിടെ ഐതിഹാസികമായ 'വില്ലുവണ്ടിസമര'ത്തെ അധിക്ഷേപിക്കുന്ന വിധത്തില്‍ മോശം തലക്കെട്ടോടെയും ചിത്രത്തോടെയും കൂടി സമൂഹമാധ്യമത്തില്‍ വീണ്ടും പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതില്‍ പോസ്റ്റുവന്ന ഗ്രൂപ്പിന്റെ അതേ പേരില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഈ ഗ്രൂപ്പിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫേസ്ബുക്ക് അധികാരികള്‍ക്ക് നോട്ടീസ് നല്‍കി, ഗ്രൂപ്പ് ബ്ലോക്ക് ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ ആശയവിനിമയങ്ങള്‍ നിര്‍ത്തിവയ്പ്പിച്ച് ഗ്രൂപ്പിലെ അംഗങ്ങളെയും അഡ്മിന്മാരെയും കണ്ടെത്തി മൊഴി രേഖപ്പെടുത്തി കേസുകളില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തിവരുന്നു.

കേരളത്തിന്റെ നവോത്ഥാന നായകനായ മഹാത്മ അയ്യങ്കാളി ഒരു ജനതയെ അടിച്ചമര്‍ത്തലിന്റെയും അയിത്തത്തിന്റെയും ദുരവസ്ഥയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ധീരാത്മാവാണ്. അയ്യങ്കാളിയുടെ സ്മരണ കൂടുതല്‍ കൂടുതല്‍ തിളങ്ങിനില്‍ക്കണമെന്ന താത്പര്യത്തോടെയാണ് ഈ സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നത്. തലസ്ഥാനത്തിന്റെ തിലകക്കുറിയായ പഴയ വി.ജെ.ടി ഹാളിന് അയ്യങ്കാളിയുടെ നാമധേയം നല്‍കിയതുള്‍പ്പെടെ നിരവധി ഇടപെടലുകള്‍ ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അയ്യങ്കാളിയുടെ സ്മരണയെ അപകീര്‍ത്തിപ്പെടുത്തുക എന്നതിന് കേരളത്തിന്റെ ഭൂതകാല പോരാട്ടങ്ങള്‍ക്കു നേരെ ചെളിവാരിയെറിയുക എന്നുതന്നെയാണ് അർഥം. അത്തരം ഒരു നീക്കവും ഈ സമൂഹം അനുവദിച്ചുകൂടാ. കേസുകളുടെ അന്വേഷണത്തിന് ഒരു പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - The Chief Minister will not let those who denigrate the memory of Ayyankali openly or secretly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.