ഗവേഷണ മേഖലയിൽ കേരളത്തിന്റെ ലോകനിലവാരമില്ലായ്‌മ ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : ഗവേഷണ മേഖലയിൽ ലോകനിലവാരത്തിൽ എത്താൻ കേരളത്തിന് കഴിയാത്തതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്തു കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ മൂന്ന് വർഷമായി വലിയ തുകയാണ് സംസ്ഥാന സർക്കാർ ഗവേഷണ മേഖലയിൽ ചെലവഴിക്കുന്നത്. 176 പേർക്കാണ് മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോഷിപ്പ് ലഭിച്ചത്. മറ്റ് സ്കോളർഷിപ്പുകൾക്ക് പുറമെയാണിത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇത്രയധികം പേർക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതികൾ മറ്റൊരു സംസ്ഥാനത്തുമില്ല. ഗവേഷണ മേഖലയിൽ മുടക്കുന്ന പണം ചെലവായിട്ടല്ല, ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കാണുന്നത്," മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

നൊബേൽ ജേതാക്കളുടെ ഗവേഷണ സംഘത്തിൽ പോലും മലയാളികൾ ഉണ്ട്. എന്നാൽ ഗവേഷണ മേഖലയിൽ ലോകനിലവാരത്തിൽ എത്താൻ സംസ്ഥാനത്തിന് സാധിക്കുന്നില്ല. ഇൻ-ഹൗസ് എക്സലൻസ് നമുക്ക് സാധ്യമാകുന്നില്ല. ഇതേക്കുറിച്ച് ഗൗരവമായി ചിന്തിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കണം.

ഗവേഷണ മേഖലയിൽ പ്രവേശിക്കുന്ന ഡോക്ടർമാർ കുറവാണെന്നും അത് പോരെന്നും പറഞ്ഞ മുഖ്യമന്ത്രി ബയോമെഡിക്കൽ ഗവേഷണം ത്വരിതപെടുത്താൻ ആവശ്യപ്പെട്ടു. "മെഡിക്കൽ വിദ്യാഭ്യാസ മേഖലയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കൂടുതൽ ഡോക്ടർമാർ ഗവേഷണത്തിന് വരണം. അത് വലിയ മാറ്റമുണ്ടാക്കും. മെഡിക്കൽ കോളേജുകളിൽ ബയോമെഡിക്കൽ ഗവേഷണത്തിനുള്ള എക്കോ സിസ്റ്റം രൂപീകരിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു," അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉപരിപ്ലവമായ പരിഷ്ക്കാരമല്ല കാലാനുസൃതമായ ഉടച്ചുവാർക്കൽ ആണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "അടുത്ത കൊല്ലം നാല് വർഷ ബിരുദ കോഴ്സ് നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ മുഖച്ഛായ തന്നെ മാറും. കലാ-കായിക രംഗത്തെ നേട്ടങ്ങൾക്ക് വിദ്യാർത്ഥികൾക്ക് ക്രെഡിറ്റ്‌ ലഭിക്കും വിധമാണ് കോഴ്സ് പരിഷ്കാരം. ഈ നേട്ടങ്ങൾക്ക് ഗ്രേസ് മാർക്കും ലഭിക്കും. പൂർണമായും വിദ്യാർഥി കേന്ദ്രീകൃത മാറ്റമാണ് നടപ്പാക്കുന്നത്.

വരാനിരിക്കുന്ന കാലത്തേക്ക് കേരളത്തെ സജ്ജമാക്കുക എന്ന ഉദ്ദേശ്യത്തിലൂന്നിയുള്ള ഇടപെടൽ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തുന്നത്. മിടുക്കരായ വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ട് ബിരുദം നേടാൻ കഴിയുന്ന ഏൺ എ സെമെസ്റ്റർ, താല്പര്യമുള്ളവർക്ക് ഒരു സെമെസ്റ്റർ മുഴുവൻ ഇന്റേൺഷിപ്, പഠനത്തിനിടയിൽ ഇടവേള, കോഴ്സിനിടെ കോളജോ സർവകലാശാലയോ മാറാനുള്ള അവസരം എന്നിവയെല്ലാം സാധ്യമാക്കുന്ന കെ-റീപ്‌ (കേരള റിസോഴ്സ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്) സംവിധാനം ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം എൽ.ബി.എസ് എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിനികൾ രൂപകൽപ്പന ചെയ്ത 'വീസാറ്റ്' സാറ്റലൈറ്റ്, തൃശൂർ ഗവ. എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥികൾ നിർമിച്ച സാനിറ്റയ്സർ കുഞ്ഞപ്പൻ-2 റോബോട്ട്, പാലക്കാട്ടെ എൻ.എസ്.എസ് കോളജ് വിദ്യാർഥികൾ നിർമിച്ച തേങ്ങ ചിരകുന്ന യന്ത്രം എന്നിവ ഉന്നത വിദ്യാഭ്യാസമേഖലയിലെ ആശയങ്ങൾ വ്യാവസായിക ഉൽപ്പന്നങ്ങളായി മാറുന്നതിന്റെ മികച്ച ഉദാഹരണങ്ങളായി എടുത്തുകാട്ടി.

അടിസ്ഥാന ശാസ്ത്രബോധവും മാനവിക ബോധവുമുള്ള വിദ്യാർത്ഥിക്കേ നവകേരളം സൃഷ്ടിക്കാനാവുകയുള്ളൂ എന്ന് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ മുഖമുഖത്തിൽ വിദ്യാർത്ഥികൾ പറഞ്ഞ അഭിപ്രായങ്ങൾ തികച്ചും ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പ് നൽകി.

മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.എ മുഹമ്മദ്‌ റിയാസ്, എ.കെ ശശീന്ദ്രൻ, എളമരം കരീം എം.പി, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, വൈസ് ചാൻസലർമാരായ പ്രഫ.എം.കെ ജയരാജ്, പ്രഫ. സജി ഗോപിനാഥ്, പ്രഫ. എം.വി നാരായണൻ, പ്രഫ.പി.ജി ശങ്കരൻ, പി.എം മുബാറക് പാഷ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രഫ. ജിജു പി. അലക്സ്, സംസ്ഥാന വിദ്യാഭ്യാസ ഉപദേശക ബോർഡ് ചെയർമാൻ ഡോ. ജെ. പ്രസാദ്, പ്രഫ. കെ. ഫാത്തിമത്ത് സുഹ്‌റ, കലക്ടർ സ്നേഹിൽ കുമാർ സിങ്, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ, ഡോ.എം.എസ് രാജശ്രീ എന്നിവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ.വി.വേണു സ്വാഗതവും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് നന്ദിയും പറഞ്ഞു.

Tags:    
News Summary - The Chief Minister should think seriously about Kerala's lack of world standards in the field of research

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.