ആർഷോക്ക് ഒന്നാം സെമസ്റ്ററിൽ 100 മാർക്ക്; രണ്ടാം സെമസ്റ്ററിൽ പൂജ്യം
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ബിരുദ പരീക്ഷയിൽ ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറുമാർക്കും നേടിയപ്പോൾ രണ്ടാം സെമസ്റ്ററിൽ ‘സംപൂജ്യ’നായെന്ന് പരീക്ഷഫലം. സ്വയംഭരണ സ്ഥാപനമായ എറണാകുളം മഹാരാജാസ് കോളജിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ആർക്കിയോളജിയിലാണ് ആർഷോ പഠനം തുടരുന്നത്.
ഒന്നാം സെമസ്റ്ററിൽ ഒരു വിഷയത്തിന് നൂറിൽ നൂറുമാർക്കും മറ്റ് വിഷയങ്ങൾക്ക് എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചത്. 100 മാർക്ക് കിട്ടിയ ഒരു വിഷയത്തിന് ഔട്ട് സ്റ്റാൻഡിങ് ഗ്രേഡ് എന്ന് സൂചിപ്പിക്കുന്ന ‘എസ്’ ആർഷോയുടെ മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം സെമസ്റ്ററിന്റെ ഇന്‍റേണൽ പരീക്ഷകൾക്ക് മുഴുവൻ മാർക്കായ 20വരെ ലഭിച്ച നേതാവിനാണ് എഴുത്തുപരീക്ഷയിൽ പൂജ്യം മാർക്കായത്. മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിന് ആബ്സന്‍റും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു വധശ്രമക്കേസിനെ തുടർന്ന് തടവിലായ തനിക്ക് സെമസ്റ്റർ പരീക്ഷ എഴുതണമെന്ന ആർഷോയുടെ അപേക്ഷ പരിഗണിച്ച ഹൈകോടതി കർശന വ്യവസ്ഥകൾക്ക് വിധേയമായി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് പരോൾ അനുവദിക്കുകയായിരുന്നു.
എഴുതാത്ത മൂന്നാം സെമസ്റ്റർ പരീക്ഷക്ക് പൂജ്യം മാർക്ക് രേഖപ്പെടുത്തുകയും ‘പാസാക്കു’കയും ചെയ്തതിനെതിരെ പരാതിപ്പെട്ടിരിക്കെയാണ് രണ്ടാം സെമസ്റ്ററിൽ എല്ലാവിഷയത്തിനും പൂജ്യം മാർക്ക് വാങ്ങിയ നേതാവ് ആദ്യ സെമസ്റ്റർ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിൽ ദുരൂഹത ആരോപിച്ച് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. പഠിപ്പിക്കുന്ന അധ്യാപകർ തന്നെയാണ് വിദ്യാർഥിയുടെ ഹാജർ, ക്ലാസ് മുറിയിലെ പ്രകടനം എന്നിവ വിലയിരുത്തി ഇന്‍റേണൽ മാർക്കുകൾ നിശ്ചയിക്കുന്നത്. ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയുടെ 80 മാർക്കിനൊപ്പം അധ്യാപകർ നൽകുന്ന ഇന്‍റേണൽ മാർക്കുകൂടി ചേർത്താണ് മൊത്തം മാർക്ക് നിശ്ചയിക്കുന്നത്.
സ്വയംഭരണ പദവിയുള്ള മഹാരാജാസ് കോളജിലെ പരീക്ഷ നടത്തിപ്പും മാർക്ക് ലിസ്റ്റ് തയാറാക്കലും സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ അഞ്ചുവർഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാൻ എം.ജി സർവകലാശാല വൈസ് ചാൻസലർക്ക് നിർദേശം നൽകണമെന്നാണ് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടത്.
ആര്‍ഷോയുടെ പരീക്ഷ ‘ജയം’: മഹാരാജാസിലെ സി.സി ടി.വി ദൃശ്യം പൊലീസിന് കൈമാറി
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചെന്ന് മാർക്ക് ലിസ്റ്റ് പുറത്തുവന്ന വിവാദത്തില്‍ എറണാകുളം മഹാരാജാസ് കോളജിലെ സി.സി ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. മാർക്ക് ലിസ്റ്റ് വിവാദമുണ്ടായ ജൂണ്‍ ആറിലെ ദൃശ്യങ്ങളാണ് ജില്ല ക്രൈംബ്രാഞ്ചിന് കോളജ് അധികൃതർ നൽകിയത്. കാമ്പസിലെയും പ്രിന്‍സിപ്പലിന്‍റെ മുറിയിലെയും സി.സി ടി.വി ദൃശ്യം ക്രൈംബ്രാഞ്ച് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ആര്‍ഷോക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദവും മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരായ വ്യാജ രേഖ ആരോപണവും ഉയര്‍ന്നത് ഒരേദിവസമായിരുന്നു. ആ ഘട്ടത്തില്‍ പ്രിന്‍സിപ്പലിന്‍റെ ഓഫിസിൽ ആരെല്ലാം വന്നുവെന്നും കോളജില്‍ നടന്ന സംഭവങ്ങള്‍ എന്തെല്ലാമെന്നുമാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. കോളജ് പരീക്ഷ വിഭാഗത്തിൽ പ്രവേശിച്ചവരുടെയും പ്രിൻസിപ്പലിനെ കണ്ടവരുടെയും വിശദാംശങ്ങളും പരിശോധിക്കും. പരീക്ഷവിഭാഗം കമ്പ്യൂട്ടറുകളുടെ വിശദാംശവും തേടിയിട്ടുണ്ട്. ഇവ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചതായാണ് വിവരം.
ആര്‍ഷോ നൽകിയ പരാതിയില്‍ ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ പ്രതികളായ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും കോളജ് യൂനിറ്റ് പ്രസിഡന്‍റ് ഫൈസലും വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. ഹാജരാകാന്‍ ഒരാഴ്ചത്തെ സാവകാശം ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.