നിലമ്പൂർ: പി.വി. അൻവർ രാജിവെച്ചതോടെ നിലമ്പൂരിലെ ഇടത്, വലത് ക്യാമ്പുകൾ ഉപതെരഞ്ഞെടുപ്പിനുള്ള അണിയറ തന്ത്രങ്ങളിലേക്ക്. അൻവറിന്റെ പിന്തുണയുണ്ടായാൽ വെല്ലുവിളിയില്ലാതെ ജയിക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. നിലമ്പൂർ മണ്ഡലത്തിലെ എട്ടു തദ്ദേശസ്ഥാപനങ്ങളിൽ ഇരുപക്ഷത്തിനും നാലെണ്ണം വീതമുണ്ട്.
നിലമ്പൂർ നഗരസഭ, പോത്തുകല്ല്, അമരമ്പലം, ചുങ്കത്തറ എന്നിവിടങ്ങളിൽ എൽ.ഡി.എഫും എടക്കര, വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകളിൽ യു.ഡി.എഫുമാണ്. ഇരുമുന്നണികളും മണ്ഡലത്തിൽ തുല്യശക്തികളാണ്.
2016ൽ നഷ്ടമായ തങ്ങളുടെ കുത്തകമണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളിലാണ് യു.ഡി.എഫ്. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി എന്നിവരിലൊരാളാകും സ്ഥാനാർഥി.
സി.പി.എമ്മിനെ സംബന്ധിച്ചാകട്ടെ, പി.വി. അൻവർ പോയത് പാർട്ടിയെ ഒരു വിധത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ടത് അനിവാര്യമാണ്.
ഇടതു സ്ഥാനാർഥി പട്ടികയിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. എം. സ്വരാജ്, ജില്ല കമ്മിറ്റി അംഗം ഇ. പത്മാക്ഷൻ, നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. കരുത്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കം. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ട് വർധനയാണ് ഇതിന് കാരണം. ജില്ല നേതാക്കൾക്കാണ് മുൻഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.