അണക്കര(ഇടുക്കി): പ്ലസ് ടുവിന് നല്ല മാർക്കോടെ പാസായാൽ സ്മാർട്ട് വാച്ച് വാങ്ങിതരാമെന്നായിരുന്നു കുവൈത്തിലുള്ള അമ്മ ജിനു, മകൻ ഷാനറ്റിന് കൊടുത്ത വാക്ക്. ഷാനറ്റ് നല്ലമാർക്കോടെ പാസായപ്പോൾ മകന് നൽകാനായി അമ്മ വാച്ചും വാങ്ങിവെച്ചു. നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ നൽകാമെന്ന് കരുതി സൂക്ഷിച്ചു. ഒടുവിൽ ആ വാച്ചുമായി അമ്മ നാട്ടിലെത്തിയപ്പോൾ, പൊന്നുമോന്റെ ചേതനയറ്റ ശരീരമാണ് അമ്മ കണ്ടത്. അതീവ വൈകരിക നിമിഷങ്ങളായിരുന്നു അണക്കര വെള്ളറയിലെ വീട്ടിൽ കണ്ടത്.
അണക്കര ചെല്ലാര്‍ക്കോവില്‍ ജൂണ്‍ 17-നുണ്ടായ ബൈക്കപടത്തില്‍ മരിച്ച വെള്ളറയില്‍ ഷാനറ്റ് ഷൈജു(17)വിന്റെ സംസ്‌കാരം ചൊവ്വാഴ്ച ഒലിവുമല സെയ്ന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയിലാണ് നടന്നത്. കുവൈത്തിൽ നിന്നും കൊണ്ടുവന്ന വാച്ച് അവന്റെ മൃതദേഹത്തിൽ വച്ചാണ് അമ്മ യാത്രയാക്കിയത്.
അണക്കര ചെല്ലാർകോവിലിനു സമീപം കഴിഞ്ഞയാഴ്ച ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണു വിദ്യാർഥികളും സുഹൃത്തുക്കളുമായ വെള്ളറയിൽ ഷാനറ്റ് ഷൈജു, അലൻ കെ.ഷിബു എന്നിവർ മരിച്ചത്. അലന്റെ സംസ്കാരം തൊട്ടടുത്ത ദിവസം നടത്തിയിരുന്നു. കുവൈത്തിൽ ഏജൻസിയുടെ തൊഴിൽത്തട്ടിപ്പിനിരയായി തടങ്കലിൽ കഴിഞ്ഞിരുന്ന ജിനു എത്താൻ വൈകിയതു മൂലമാണു ഷാനറ്റിന്റെ സംസ്കാരം വൈകിയത്. തിങ്കളാഴ്‌ച വൈകിട്ടാണു ജിനു നാട്ടിലെത്തിയത്.
ജീവിതമാര്‍ഗം തേടിയാണ് രണ്ടരമാസം മുന്‍പ് ജിനു കുവൈത്തിലേക്ക് പോയത്. കുവൈത്തില്‍ എത്തിയപ്പോള്‍മുതല്‍ ജിനു ദുരിതക്കയത്തിലായിരുന്നു. വീട്ടുജോലിയായിരുന്നു. വലിയ കഷ്ടപ്പാടും ആരോഗ്യപ്രശ്‌നങ്ങളും. വാഗ്ദാനംചെയ്ത ശമ്പളവും കിട്ടിയില്ല. ഇതിനിടെ ജോലിതട്ടിപ്പിന് ഇരയായ ജിനു ഏജന്‍സിക്കാരുടെ തടവിലായി. സുമനസ്സുകളുടെ സഹായത്തോടെ അവിടെനിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. കോടതി നടപടികള്‍ക്കുശേഷം കുവൈത്തിലെ തടങ്കലിലായിരുന്നു. താത്കാലിക പാസ്‌പോര്‍ട്ട് കിട്ടിയപ്പോഴും നാട്ടിലേക്ക് വരാന്‍ യുദ്ധവും കോവിഡും തടസ്സമായി. ഒടുവില്‍ തിങ്കളാഴ്ച നാട്ടിലെത്തിയപ്പോഴാണ് മകന്‍ ജീവനോടെയില്ലെന്ന് അമ്മ അറിയുന്നത്. മകനായി വാങ്ങിച്ച വാച്ച് ജിനു, അവന്റെ നെഞ്ചോട് ചേർത്ത് വെച്ചതോടെ അച്ഛൻ ഷൈജുവിനും അനുജൻ ഷിയോണിനും ഷാനറ്റിന്റെ കൂട്ടുക്കാർക്കും കരച്ചിലടക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.