തുടരന്വേഷണത്തിനെതിരായ ദിലീപിന്‍റെ ഹരജിയിൽ ഇരയായ നടി കക്ഷി ചേരും

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തിനെതിരെ നടൻ ദിലീപ് നൽകിയ ഹരജിയിൽ കക്ഷി ചേരാൻ നടി ഹൈകോടതിയിലേക്ക്​. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന തോന്നലുണ്ടായതോടെയാണ് വ്യാജ തെളിവുണ്ടാക്കി തുടരന്വേഷണം നടത്തുന്നതെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ്​ നൽകിയ ഹരജി ചൊവ്വാഴ്ച പരിഗണിക്കവേ യുവനടിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കേസിൽ കക്ഷി ചേരാൻ അനുമതി തേടി. ഇതിന്​ അനുമതി നൽകിയ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

യുവനടിയെ ആക്രമിച്ച ദൃശ്യങ്ങൾ ജാമ്യത്തിലിറങ്ങിയശേഷം ദിലീപിന് ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമുള്ള ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോടുള്ള വ്യക്തിവിരോധമാണ് തുടരന്വേഷണത്തിന് കാരണമെന്ന് ഹരജിയിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന്​ ആരോപിച്ച് തനിക്കെതിരെ പരാതി നൽകിയിട്ടുള്ളതും ബൈജു പൗലോസാണ്. പരാതിക്കാരനായ ഉദ്യോഗസ്ഥൻ നടത്തുന്ന തുടരന്വേഷണം നീതിയുക്തമാകില്ല. തുടരന്വേഷണത്തിന് വിചാരണക്കോടതിയുടെ അനുമതി ലഭിക്കുന്നതിന്​ മുമ്പുതന്നെ അന്വേഷണ ഉദ്യോഗസ്ഥൻ സ്വന്തം നിലക്ക് തുടരന്വേഷണം തുടങ്ങിയെന്നും ഹരജിയിൽ ആരോപിക്കുന്നു. 

Tags:    
News Summary - The attacked actress approach court for seeking permission to join petition filed by Dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.