അട്ടപ്പാടിയിൽ ഭൂമിക്ക് സെറ്റിൽമെൻറ് ആധാരം തയാറാക്കി നൽകണമെന്ന് ആവ​ശ്യവുമായി ആദിവാസികൾ

കോഴിക്കോട് : അട്ടപ്പാടിയിൽ കുടുംബ ഭൂമിക്ക് സെറ്റിൽമെൻറ് ആധാരം തയാറാക്കി കൊടുക്കണമെന്ന് ആവശ്യവുമായി ആദിവാസി സമൂഹം. സ്വന്തം പേരിൽ ഭൂമിയുടെ ആധാരവും മറ്റു റവന്യൂ രേഖകളും ഇല്ലാത്തതിനാൽ കർഷകർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും സബ്സിഡികളും ആദിവാസികൾക്ക് ലഭിക്കുന്നില്ല. രണ്ടോ മൂന്നോ തലമുറകൾക്ക് മുമ്പുള്ള പിതാമഹന്റെ പേരിലാണ് ആദിവാസികളിൽ പലരുടേയും ഭൂമി.

ആദിവാസികൾ ഏറെപ്പേരും കൂട്ടുകുടുംബ സ്വത്ത് വ്യക്തികളിലേക്ക് ഭാഗം ചെയ്തിട്ടില്ല. അതിനാൽ കർഷകർക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങൾക്ക് ഭൂരേഖകൾ ഹാജരാക്കാൻ കഴിയുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പലരും ഐ.ടി.പിയിൽ അപേക്ഷ നൽകിയെങ്കിലും സർക്കാർ തലത്തിൽ ഇത് നടപ്പാക്കുന്നില്ലെന്നാണ് ആദിവാസികളുടെ പരാതി. വ്യക്തികൾക്ക് ആധാരം തയാറാക്കുമ്പോൾ ഭൂമിക്ക് നികുതി അടയ്ക്കുന്ന തുകയും സ്റ്റാമ്പ് ഡ്യൂട്ടിയും സർക്കാർ ഖജനാവിലേക്ക് തന്നെ തിരിച്ച് ചെല്ലും. എന്നിട്ടും സർക്കാർ ആദിവാസികൾക്ക് സെറ്റിൽമെൻറ് രേഖയുണ്ടാക്കി നൽകുന്നില്ല. 



കുടുംബഭൂമി സെറ്റിൽമെൻറ് ചെയ്തു കൊടുക്കുന്നതിനുള്ള ട്രൈബൽ ഫണ്ടിൽനിന്ന് സർക്കാർ നീക്കിവെച്ചാൽ മതി. സെറ്റിൽമെൻറ് ആധാരം നടത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് അഴിമതി നടത്താനാവില്ല. ആശുപത്രിയും ആംബുലൻസും സാമൂഹിക അടുക്കളയും മറ്റ് ക്ഷേമപ്രവർത്തനങ്ങളും അല്ല ആവശ്യമെന്നാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ ഇടയിൽ നിന്നും ഉയരുന്ന ആവശ്യം. അട്ടപ്പാടിയിലെ പരിസ്ഥിതി പുനസ്ഥാപന പദ്ധതിയും കാർഷിക മേഖലയുടെ വികസന പദ്ധതിയുമൊക്കെ പാതിവഴിക്കായി. പല പദ്ധതികളും പരാജയപ്പെട്ടു. ഭൂമിക്ക് രേഖയുണ്ടെങ്കിൽ സർക്കാരിന്റെ കാർഷിക ആനുകൂല്യങ്ങൾ ലഭിക്കും.

ഉദാഹരണമായി ഭൂതിവഴിയിൽ അഹാഡ്സിന്റെ പരിസരത്ത് ചിത്രവേണി അടക്കമുള്ള കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണിത്. ചിത്രവേണിയുടെ നേതൃത്വത്തിൽ നേരത്തെ വലിയതോതിൽ കൃഷി നടന്നിരുന്നു. മുൻ കലക്ടർ കെ.രാമചന്ദ്രൻ അടക്കമുള്ള ഉദ്യോഗസ്ഥ സംഘം കൃഷി സ്ഥലം സന്ദർശിക്കുകയും ചെയ്തു. അന്ന് എട്ട് ആദിവാസി കർഷകരാണ് 16 ഏക്കറോളം ഭൂമിയിൽ വാഴയും പച്ചക്കറിയും കൃഷി ചെയ്തത്. ഡോ പ്രഭൂദാസാണ് ഇവരുടെ കൃഷി മുന്നേറ്റത്തെ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

അഹാഡ്സ് നിർമിച്ച 30 ഓളം തടയണകൾ തൊഴിലുറപ്പ് പദ്ധതിയിൽ അറ്റകുറ്റപ്പണി നടത്താൻ കലക്ടർ നിർദേശം നൽകി. ഭൂമിയുടെ രേഖകൾ തയാറാക്കി നൽകാൻ ട്രൈബൽ ഓഫിസറെ ചുമതലപ്പെടുത്തി. തുടർന്ന് 2017ൽ ചിത്രവേണി ഭൂമിക്ക് സെറ്റിൽമന്റെ് ആധാരത്തിന് ഐ.ടി.ഡി.പി ഓഫിസർക്ക് അപേക്ഷ നൽകിയത്. പിന്നീട് 2018 ൽ പട്ടികവർഗ ഡയറക്ടർക്കും അപേക്ഷ നൽകി. സർക്കാർ സംവിധാനം ഒന്നും ചെയ്തില്ല. ഭൂമിക്ക് ആധാരം ലഭിച്ചാൽ ആദിവാസികൾക്ക് കർഷകരായി മാറാൻ കഴിയുമെന്ന് ചിത്രവേണി മാധ്യമം ഓൺ ലൈനോട് പറഞ്ഞു. മീൻ കുളങ്ങളോ, കോഴി ഫാമോ, കറവപശു ഫാമോ സ്വന്തം ഭൂമിയിൽ തുടങ്ങാം.

അതേസമയം ട്രൈബൽ ഫണ്ട് പല വഴികളിലൂടെ ഒഴുകിപ്പോവുകയാണെന്ന് ആക്ഷേപമുണ്ട്. കുടുംബശ്രീ മിഷൻ അടക്കം പല സംവിധാനങ്ങളും ആദിവാസികൾക്ക് പ്രയോജനം ചെയ്യുന്നില്ല. മില്ലറ്റ്, തണൽ തുടങ്ങിയ കാർഷിക പദ്ധതികളൊക്കെ പരാജയപ്പെട്ടു. സെറ്റിൽമന്റെ് രേഖകളില്ലാത്തതിനാലാണ് ഭൂമാഫിയ ആദിവാസി ഭൂമി വ്യജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ അതിന് സഹായം നൽകുകയാണ്. 

Tags:    
News Summary - The adivasis have demanded that a settlement basis should be prepared and given for the land in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.