കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതികളെ ക്രൂരമായി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ 23കാരൻ അറസ്റ്റിൽ. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലാണ് അറസ്റ്റിലായത്. എറണാകുളത്തുനിന്ന് ബുധനാഴ്ച വൈകീട്ടാണ് ഇയാൾ പിടിയിലായത്. ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് വ്യാഴാഴ്ച പുലർച്ച ഒന്നിനാണ് രേഖപ്പെടുത്തിയതെന്ന് കോട്ടയം എസ്.പി ജി. ജയദേവ് അറിയിച്ചു. മോഷണം പോയ സ്വർണം പൊലീസ് കണ്ടെത്തി. പ്രതി ഒളിവൽ താമസിച്ച കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. പ്രതിയുമായി ഇവിടെ വ്യാഴാഴ്ച രാവിലെ തെളിവെടുപ്പ് നടത്തി.
തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലിയുടെ (65) ഭാര്യ ഷീബ (60) കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ സാലി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ കാറുമായാണ് അക്രമി കടന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് എറണാകുളം വരെ കാർ എത്തിയതിെൻറ തെളിവുകൾ ലഭിച്ചിരുന്നു. പിന്നീട് കാറും പൊലീസ് കണ്ടെത്തി. വീടിെൻറ മുൻവാതിലിലൂടെയാണ് പ്രതി ഉള്ളിൽ കടന്നതെന്നതിനാൽ കുടുംബവുമായി ബന്ധമുള്ള ആളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് നേരത്തെ നിഗമനത്തിൽ എത്തിയിരുന്നു.
പ്രതി ഹോട്ടലിൽ പാചകക്കാരനായിരുന്നു. വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയ ഇയാൾ പണവുമായി നാടുവിടാമെന്ന ലക്ഷ്യവുമായാണ് മോഷണം പദ്ധതിയിട്ടത്. സംഭവത്തിെൻറ ഒരുദിവസം മുമ്പാണ് ഇയാൾ വീട്ടിൽനിന്ന് ഇറങ്ങിയത്. തുടർന്ന് മുഹമ്മദ് സാലിയുടെ വീടിന് പരിസരത്തെത്തി കാര്യങ്ങൾ പരിശോധിച്ചു.
തുടർന്ന് തിങ്കളാഴ്ച രാവിലെ ഒമ്പതരോടെ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. പെട്ടെന്നുള്ള ദേഷ്യത്തിൽ ആക്രമിക്കുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. ആദ്യം മുഹമ്മദ് സാലിയെയാണ് ആക്രമിച്ചത്. ഇതുകണ്ട് ഷീബ ഓടിവന്നു. ഇവരെയും അടിച്ചുവീഴ്ത്തി. തുടർന്ന് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കൈക്കലാക്കി. ഷീബ ധരിച്ചിരുന്ന ആഭരണങ്ങളും അപഹരിച്ചു. വീട്ടിൽനിന്ന് മടങ്ങുേമ്പാൾ തെളിവ് നശിപ്പിക്കാനായി ഗ്യാസ് സിലിണ്ടർ തുറന്നിട്ടു. എന്നാൽ, തീപിടിത്തം ഉണ്ടായിട്ടില്ല.
പ്രതിയും ഈ കുടുംബവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഒന്നും നടന്നിട്ടില്ല. കൂടാതെ കേസിൽ മറ്റു പ്രതികളില്ലെന്നും പൊലീസ് അറിയിച്ചു. ഈ കുടുംബവുമായി അയൽവാസിയായ പ്രതിക്ക് അടുത്ത പരിചയമുണ്ട്. പലപ്പോഴും പ്രതിയുടെ കുടുംബത്തിന് അഭയം നൽകിയിരുന്നത് മുഹമ്മദ് സാലിയായിരുന്നു.
വീട്ടിൽ നിന്ന് കാണാതായ കാർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ആലപ്പുഴ മുഹമ്മയിലെ പെട്രോൾ പമ്പിൽ ഈ കാർ ഇന്ധനം നിറക്കുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപ പ്രദേശത്തുനിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കുടുംബവുമായി ബന്ധമുള്ള എട്ടു പേരെ അന്വേഷണസംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.