1. ഷഹബാസിന്റെ പിതാവ് 2, ഷഹബാസ്
കോഴിക്കോട്: ‘തല വല്ലാതെ വലുതാകുന്നു ഉമ്മാ...’ ഷഹബാസ് അവസാനമായി ഉമ്മ റംസീനയോട് പറഞ്ഞത് ഇത്രമാത്രം. പിന്നീട് ഉമ്മായെന്ന് അവൻ വിളിച്ചിട്ടില്ല. അടിയേറ്റ് ക്ഷീണിതനായ ഷഹബാസിനെ കൂട്ടുകാർ തന്നെയാണ് വാടക വീടിന് മുന്നിൽ ഇറക്കിവിട്ടത്. പിന്നീട് ഷഹബാസ് പതിയെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു.
മകന്റെ വിയോഗവാർത്തയറിഞ്ഞ റംസിന കുഴഞ്ഞുവീണു. മൂന്ന് കുഞ്ഞനുജന്മാരാണ് ഷഹബാസിനുള്ളത്. നേരെ ഇളയവനായ രണ്ടാം ക്ലാസ് വിദ്യാർഥി ഷമ്മാസിന് എപ്പോഴും ഷഹബാസിനെ വേണമായിരുന്നു. അവനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമെന്നാണ് ബന്ധുക്കളുടെ ആശങ്ക. അടിപിടിക്കൊന്നും നിൽക്കാതെ എല്ലാവരോടും ചിരിച്ചു കൊണ്ടുമാത്രം പെരുമാറുന്ന കുട്ടിയായിരുന്നു ഷഹബാസെന് നാട്ടുകാരും പറയുന്നു.
‘ഓനെ അവർക്ക് എങ്ങനെയാ കൊല്ലാനാവുക. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നവരല്ലേ... ദേഷ്യപ്പെട്ടാൽപോലും മറുത്ത് സംസാരിക്കാത്തവനല്ലേ..’ -ഷഹബാസിന്റെ സഹപാഠികളുടെയും അധ്യാപകരുടെയുമെല്ലാം സങ്കടമിതായിരുന്നു. അവർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു പഠന-പാഠ്യേതര വിഷയങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുകയും മികവുകാട്ടുകയും ചെയ്ത ഷഹബാസ്. എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസിലെ വിദ്യാർഥിയായ ഷഹബാസിന്റെ ദാരുണമരണത്തിലുള്ള ആഘാതം താങ്ങാനാവാതെ കണ്ണീർവാർക്കുകയായിരുന്നു ഇവരെല്ലാം.
പഠനത്തോടൊപ്പം ക്യാമ്പുകളിലും വിനോദപരിപാടികളിലും മറ്റും പങ്കെടുത്ത് തന്റെ സാന്നിധ്യം അറിയിച്ച ഷഹബാസ് അധികം സംസാരിക്കുകയോ ഒരുതരത്തിലുള്ള പെരുമാറ്റദൂഷ്യമോ ഇല്ലാത്ത മികച്ച വിദ്യാർഥിയായിരുന്നുവെന്ന് ക്ലാസ് അധ്യാപകനായ സി.എം. ഷഫീഖ് പറഞ്ഞു. എട്ടാം ക്ലാസിലേക്കാണ് ഷഹബാസ് എളേറ്റിൽ എം.ജെ സ്കൂളിലെത്തുന്നത്.
ഫെബ്രുവരി 13ന് നടന്ന യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്ത് 21ന് എസ്.എസ്.എൽ.സി മോഡൽ പരീക്ഷയും കഴിഞ്ഞ് സ്റ്റഡി ലീവിലായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ നല്ല മാർക്കോടെ വിജയിക്കണമെന്നായിരുന്നു ഷഹബാസിന്റെ മോഹം. പഠനകാര്യം അന്വേഷിക്കാൻ കഴിഞ്ഞദിവസം ഷഹബാസിന്റെ വീട്ടിൽപോയെങ്കിലും വീട്ടിലില്ലാത്തതിനാൽ മറ്റൊരു ദിവസം വരാമെന്ന് പറഞ്ഞ് തിരിച്ചുപോന്നു.
വിദ്യാർഥി സംഘർഷം അറിഞ്ഞ് ഉമ്മയെ വിളിച്ചപ്പോൾ ഷഹബാസ് അന്നേദിവസം നാലുമണിവരെ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നുവെന്നും ഇതിനുശേഷമാണ് പുറത്തുപോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതെന്നുമാണ് മാതാവ് പറഞ്ഞതെന്ന് സി.എം. ഷഫീഖ് വ്യക്തമാക്കി.
ശാന്തസ്വഭാവിയായ ഷഹബാസ് എങ്ങനെയാണ് സംഘർഷത്തിൽപെട്ടതെന്നും മാരകമായ ആക്രമണത്തിനിരയായതെന്നുമാണ് വിദ്യാർഥികളും അധ്യാപകരും സങ്കടത്തോടെ ചോദിക്കുന്നത്. പരസ്പരം തോളിൽ കൈയിട്ട് സ്നേഹത്തോടെ കഴിഞ്ഞവർക്ക് എങ്ങനെയാണ് ഒറ്റനിമിഷത്തിൽ ഷഹബാസിനെ ഇല്ലാതാക്കാൻ കഴിഞ്ഞതെന്നും ഇവർ പരിതപിക്കുന്നു.
ചിരിക്കുന്ന മുഖവുമായി പരീക്ഷക്ക് കാണാമെന്ന് പറഞ്ഞ് അധ്യാപകർക്കും സഹപാഠികൾക്കുമെല്ലാം കൈകൊടുത്ത് പിരിഞ്ഞത് അവസാനത്തെ കാണലായിരുന്നുവെന്നത് ഉൾക്കൊള്ളാനാവാതെ കണ്ണീർവാർക്കുകയാണ് സ്കൂളിലെ വിദ്യാർഥികൾ ഒന്നടങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.