കുമ്മിണിപ്പറമ്പ് തൻവീർ വാഫി കോളേജ്: ‘വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിക്കുന്നത് കമ്മിറ്റിയിലെ ഒരു വിഭാഗം’

തേഞ്ഞിപ്പലം: കുമ്മിണിപ്പറമ്പ് തൻവീർ വാഫി കോളേജിൽ വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിക്കുന്നത് കമ്മിറ്റിയിലെ ഒരു വിഭാഗവും സംഘടനാ പ്രവർത്തകരുമെന്ന് കോളജ് അധികൃതർ. സ്ഥാപനത്തിന്റെ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സെക്രട്ടറി സിദ്ദിഖ് ഫൈസി കരിപ്പൂർ അടക്കമുള്ളവരെ പുറത്താക്കി പുതിയ കമ്മിറ്റി നിലവിൽ വന്നു എന്ന് വാദം ഉന്നയിച്ചായിരുന്നു ഇക്കൂട്ടർ സ്ഥാപനത്തിലെത്തിയതെന്ന് പ്രിൻസിപ്പൽ ജംഷീദ് വാഫി മൂന്നിയൂർ പറഞ്ഞു.

ഓഫിസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് സ്ഥാപനം കൈയടക്കാൻ ശ്രമിച്ച ഇവർ വിദ്യാർഥികൾക്ക് നേരെയും അധ്യാപകർക്ക് നേരേയും പുറത്താക്കുമെന്ന് ഭീഷണി ഉയർത്തി. സ്ഥാപനത്തിലെ അധ്യാപകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ വിദ്യാർഥികളും ഓഫീസിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് തേഞ്ഞിപ്പാലം പൊലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ ഇറക്കിവിടാനുളള നിർദേശം നൽകി.

കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡിഗ്രി പരീക്ഷക്ക് പഠിക്കുന്ന വിദ്യാർഥികളെ പോലും സ്ഥാപനത്തിൽ നിൽക്കാൻ അനുവദിക്കില്ല എന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. സെമസ്റ്റർ ലീവ് കഴിഞ്ഞ് ജൂൺ മൂന്നിന് തിരിച്ച് കോളേജിലേക്ക് വരാമെന്ന പൊലീസിന്റെ ഉറപ്പിനെ തുടർന്ന് വിദ്യാർഥികൾക്ക് നാട്ടിൽ പോകാൻ നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.

പരീക്ഷ ഉള്ള ഏതാനും ചില വിദ്യാർഥികൾ കാമ്പസിൽ തന്നെ തങ്ങിയപ്പോൾ വൈകുന്നേരം വീണ്ടും പൊലീസ് സ്ഥലത്തെത്തി വിദ്യാർഥികളുടെ വിദ്യഭ്യാസ അവകാശം നിഷേധിക്കുന്ന തരത്തിലുള്ള സമീപനമാണ് സൃഷ്ടിച്ചതെന്ന് കോളജ് അധികൃതർ ആരോപിക്കുന്നു. അഡ്മിഷൻ സമയത്ത് വാഗ്ദാനം ചെയ്ത കോഴ്സ് പൂർത്തീകരിക്കാൻ അവസരം നൽകാതെ മുന്നറിയിപ്പില്ലാതെയുള്ള സിലബസ് മാറ്റത്തിനെതിരെ കോളേജ് വിദ്യാർഥികൾ ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു.

Tags:    
News Summary - Thanveer Wafy college kumminiparamba issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.