തൻവീർ വാഫി കോളജ്: വ്യാജ കമ്മിറ്റിയുണ്ടാക്കി പൊലീസിനെ കൂട്ടുപിടിച്ച് കയ്യടക്കാൻ ശ്രമമെന്ന് സെക്രട്ടറി

തേഞ്ഞിപ്പലം: മലപ്പുറം കുമ്മിണിപറമ്പ് വലക്കണ്ടി തൻവീർ വാഫി കോളജ് വ്യാജ കമ്മിറ്റി രൂപവത്കരിച്ച് പൊലീസിനെ കൂട്ടുപിടിച്ച് കയ്യടക്കാനുള്ള ശ്രമങ്ങളാണ് ഒരുവിഭാഗം നടത്തുന്നതെന്ന് സെക്രട്ടറി കുഞ്ഞാപ്പുട്ടി ഹാജി ആരോപിച്ചു. നിലവിലുള്ള ഔദ്യോഗിക കമ്മിറ്റിയുടെ തീരുമാനപ്രകാരം അടുത്ത അധ്യയന വർഷാരംഭ ദിനമായ ജൂൺ മൂന്നിന് സ്ഥാപനം തുറന്നു പ്രവർത്തിക്കുമെന്നും അന്നേ ദിവസം വിദ്യാർഥികളും രക്ഷിതാക്കളും സ്ഥാപനത്തിൽ എത്തണമെന്നും പ്രിൻസിപ്പൽ ഇൻ ചാർജ് ജംഷീദ് വാഫി മുന്നിയൂർ അറിയിച്ചു.

തൻവീർ വാഫി കോളജിൽ വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ച് മാനേജ്മെന്റിലെ ഒരു വിഭാഗം വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്ന് സെക്രട്ടറി കുറ്റപ്പെടുത്തി. ഡിഗ്രി പരീക്ഷക്ക് വേണ്ടി സ്ഥാപനത്തിൽ താമസിച്ചു പഠിച്ചിരുന്ന നാലാം വർഷ വിദ്യാർഥികളേയും അവിടെയുണ്ടായിരുന്ന അധ്യാപകരേയും പൊലീസ് സഹായത്തോടെ അക്രമിച്ച് പുറത്താക്കുകയായിരുന്നു. നിലവിൽ സ്ഥാപനത്തിന്റെ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി സിദ്ദിഖ് ഫൈസി കരിപ്പൂർ ഉൾപ്പെടെയുള്ള ഔദ്യോഗിക കമ്മിറ്റിയെ പുറത്താക്കി പുതിയ കമ്മിറ്റി നിലവിൽ വന്നു എന്ന വാദം ഉന്നയിച്ചായിരുന്നു അതിക്രമം.

ക്ലാസ് മുറികൾ, ഹോസ്റ്റൽ, ലൈബ്രറി, സ്റ്റാഫ് റൂം അടക്കമുള്ള മുഴുവൻ മുറികളുടേയും പൂട്ടുകൾ തകർത്ത് പുതിയ പൂട്ടുകൾ സ്ഥാപിക്കുകയും സ്ഥാപനത്തിന്റെ പുറത്ത് വാഫി കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു എന്ന പോസ്റ്റർ പതിക്കുകയും ചെയ്ത് വിദ്യാർഥികളും അധ്യാപകരും പ്രവേശിക്കുന്നത് വിലക്കിയ അവസ്ഥയാണ് നിലവിലുള്ളത്. സ്ഥാപനത്തിന് പുറത്ത് നിന്ന് എത്തിയവരെ ഒന്നും ചെയ്യാത്ത പൊലീസ് അവിടെയുണ്ടായിരുന്ന രണ്ട് വിദ്യാർഥികളെയും മൂന്ന് അധ്യാപരെയും സംഘർഷാവസ്ഥ സൃഷ്ടിച്ചു എന്ന പേരിൽ അറസ്റ്റ് ചെയ്തു നീക്കി. ഏകപക്ഷീയമായ നിലപാടാണ് പൊലീസിന്റെ പക്ഷത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. അക്രമത്തിൽ പരിക്കേറ്റ വിദ്യാർഥികളും അധ്യാപകരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും സെക്രട്ടറി അറിയിച്ചു.

Tags:    
News Summary - Thanveer Wafy College attempt to seize by creating a fake committee - Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.