ശമ്പളം കൂട്ടാൻ ഒറ്റക്കെട്ട്; ബിൽ നിയമസഭ പാസാക്കി; അധിക ബാധ്യത 6.91 കോടി
തിരുവനന്തപുരം: മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള -അലവൻസുകൾ വർധിപ്പിക്കുന്നത് സംബന്ധിച്ച ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി.
മന്ത്രിമാരുടേത് നിലവിലെ 99,000 രൂപയിൽനിന്ന് 1.33 ലക്ഷം രൂപയായും എം.എൽ.എമാരുടേത് 69,000ത്തിൽനിന്ന് 98,000 ആയും വർധിക്കും. ഈ ഇനത്തിൽ 6.91 കോടിയാണ് പ്രതിവർഷം അധിക സാമ്പത്തിക ബാധ്യത.
2018ലാണ് ഒടുവിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചത്. എം.എൽ.എമാർക്ക് വിമാനയാത്ര യാത്ര അലവൻസ് 50,000 രൂപയിൽ നിന്ന് 75,000 ആയി വർധിപ്പിച്ചിട്ടുണ്ട്. വിമാനയാത്ര ആശ്രയിക്കാത്തവർക്ക് ഈ തുക ട്രെയിൻ കൂപ്പണായോ ഇന്ധന കൂപ്പണായോ നൽകും.
എം.എൽ.എമാർക്ക് ഒരു സ്റ്റാഫ് അംഗത്തെ കൂടി അനുവദിക്കുന്ന കാര്യം സ്പീക്കർ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. അതേസമയം, മൂന്ന് ബി.ജെ.പി എം.എൽ.എമാർ സഭയിൽ ഹാജരായില്ല.
ശമ്പള വർധനവ് നിലവിൽ വരുന്നതോടെ എം.എൽ.എമാരുടെ പ്രതിമാസ ശമ്പളം 98,000 രൂപയായും മന്ത്രിമാരുടേത് 1.33 ലക്ഷം രൂപയായും ഉയരും. അടിസ്ഥാന ശമ്പളത്തിന് പുറമെ സിറ്റിങ് ഫീസ്, ചികിത്സാ പരിധി, ടെലഫോൺ ചാർജ് തുടങ്ങിയ ആനുകൂല്യങ്ങളിലും ആനുപാതികമായി വർധിക്കും.
നിലവിൽ എം.എൽ.എക്ക് പ്രതിമാസ നിശ്ചിത അലവൻസ് (2,000 രൂപ), മണ്ഡലം അലവൻസ് (25,000), ടെലിഫോൺ അലവൻസ് (11,000), ഇൻഫർമേഷൻ അലവൻസ് (4,000), മിനിമം യാത്രാക്കൂലി (20,000), മറ്റു ചിലവുകൾക്ക് (8,000) എന്നിവ ഉൾപ്പെടെയാണ് പ്രതിമാസ വരുമാനം ലഭിക്കുന്നത്.
ഇതിനുപുറമേ കി.മീറ്ററിന് 10 രൂപ നിരക്കിലുള്ള അധിക യാത്രാബത്ത, പ്രതിവർഷം നാലു ലക്ഷം രൂപയുടെ റെയിൽവേ കൂപ്പൺ, ദിനബത്ത (സംസ്ഥാനത്തിനുള്ളിൽ 1,000, പുറത്ത് 1,200), സൗജന്യ ചികിത്സ, കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര, 10 ലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പ, 20 ലക്ഷം രൂപയുടെ കുറഞ്ഞ പലിശ നിരക്കിലുള്ള ഭവന വായ്പ, 15,000 ബുക്ക് അലവൻസ് എന്നിവയും ലഭിക്കുന്നുണ്ട്. സർവിസ് കാലാവധിക്കനുസരിച്ച് 8,000 രൂപ മുതൽ 20,000 വരെയാണ് മുൻ എം.എൽ.എമാരുടെ പെൻഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.