കൊച്ചി: ടോമിൻ ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് ഭരണച്ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചു എന്നതുകൊണ്ട് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രവർത്തനങ്ങളിൽ ഒരുതരത്തിലും ഇടപെടാൻ സാധിക്കില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. സർക്കാറിെൻറ വിവേചനാധികാരം ഉപയോഗിച്ചാണ് നിയമനമെന്നും പൊതുഭരണ അണ്ടർ സെക്രട്ടറി കെ. രാജ ശശി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സുപ്രീംകോടതി ഉത്തരവനുസരിച്ച് ടി.പി. സെൻകുമാർ ഡി.ജി.പിയായി ചുമതല ഏറ്റെടുക്കുന്നതിനുമുമ്പ് പൊലീസ് ആസ്ഥാനത്ത് തച്ചങ്കരി ഉൾപ്പെടെയുള്ളവരെ നിയമിച്ചതിനെതിരെ ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നൽകിയ ഹരജിയിലാണ് വിശദീകരണം.
തച്ചങ്കരിക്ക് ക്രമസമാധാന പാലനത്തിെൻറ ചുമതലയല്ല, ഭരണപരമായ ചുമതലയാണ് നൽകിയിട്ടുള്ളത്. ഹരജിയിൽ അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയല്ല. രണ്ടു പരാതികളിൽ വിജിലൻസിെൻറ ത്വരിതാന്വേഷണം മാത്രമാണ് നിലവിലുള്ളതെന്നും ഒരു ക്രിമിനൽ കേസിലും തച്ചങ്കരിക്കെതിരെ കോടതി കുറ്റം ചുമത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയൊഴികെയുള്ള കേസുകളൊക്കെ സർക്കാർ അവസാനിപ്പിച്ചതാണ്. അനുമതിയില്ലാതെ ബഹ്റൈനിലേക്ക് യാത്ര ചെയ്തെന്ന പരാതിയിൽ ശാസന നൽകി നടപടി അവസാനിപ്പിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി തച്ചങ്കരിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബയിൽ അംഗമായ തടിയൻറവിട നസീറുമായി തച്ചങ്കരിക്ക് ബന്ധമുണ്ടെന്ന ആക്ഷേപം തെളിയിക്കാൻ എൻ.ഐ.എക്ക് ഒരു തെളിവും കിട്ടിയിട്ടില്ല.
പകപോക്കാൻ കോയമ്പത്തൂർ സ്വദേശി മണികണ്ഠനെ പറവൂർ പീഡനക്കേസിൽ പ്രതിയാക്കിയെന്ന ആരോപണവും വസ്തുതവിരുദ്ധമാണ്. തച്ചങ്കരിക്കെതിരെ വകുപ്പുതല അന്വേഷണമൊന്നും നിലവിലില്ല. സർവിസിൽ 30 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തിന് ഐ.പി.എസ് മാർഗനിർദേശമനുസരിച്ച് സ്ഥാനക്കയറ്റത്തിന് അർഹതയുണ്ട്. പൊലീസ് ആസ്ഥാനത്ത് എട്ട് ഐ.പി.എസ് ഉദ്യോഗസ്ഥരടക്കമുള്ളവരെ സ്ഥലംമാറ്റിയിട്ടും തച്ചങ്കരിയെ മാത്രം കക്ഷിയാക്കിയാണ് ഹരജി നൽകിയിട്ടുള്ളത്.
പൊതുതാൽപര്യത്തിെൻറ മറവിൽ വ്യക്തിതാൽപര്യമാണ് ഇതിനു പിന്നിലുള്ളത്. സർവിസ് വിഷയത്തിൽ പൊതുതാൽപര്യ ഹരജി നിലനിൽക്കുകയുമില്ല. പൊലീസ് ആസ്ഥാനത്ത് പിടിമുറുക്കാനുള്ള സർക്കാറിെൻറ ശ്രമഫലമായാണ് തച്ചങ്കരിയെ എ.ഡി.ജി.പിയാക്കിയതെന്ന ഹരജിക്കാരെൻറ വാദം ഭാവനയിൽനിന്നുള്ളതാണ്. ചരിത്രത്തിലില്ലാത്ത വിധം പൊലീസ് ആസ്ഥാനത്ത് അഴിച്ചുപണി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാെണന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.