ടി.എച്ച്. മുസ്തഫ: കോൺഗ്രസിലെ തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനും

എറണാകുളം ജില്ലയെ കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ ശക്തി കേന്ദ്രമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച നേതാവാണ് ടി.എച്ച്. മുസ്തഫ. ജനങ്ങൾക്കൊപ്പം നിന്നും പ്രതിസന്ധി നേരിടുന്ന കോൺഗ്രസ് പ്രവർത്തകരെ ഒപ്പം ചേർത്തു നിർത്തിയുമാണ് ഈ നേട്ടം അദ്ദേഹം കൈവരിച്ചത്. 14 വര്‍ഷത്തോളം എറണാകുളം ഡി.സി.സി അധ്യക്ഷനായിരുന്നു. ജനപക്ഷ നിലപാടുകള്‍ ആയിരുന്നു മുസ്തഫയുടെ പ്രവര്‍ത്തനശൈലി. സഹായം അഭ്യർഥിച്ച് എത്തുന്നവരുടെ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.

കോൺഗ്രസിന്‍റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന മുസ്തഫ, പാർട്ടിയിലെ തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായിരുന്നു. തൃപ്പൂണിത്തുറയിൽ ഇന്ദിര ഗാന്ധി സന്ദർശിച്ചപ്പോൾ നാലു മണിക്കൂർ നീണ്ട പ്രസംഗം നടത്തി പ്രവർത്തകരെ പിടിച്ചിരുത്തിയത് വലിയ പ്രാധാന്യത്തോടെയാണ് അന്ന് മാധ്യമങ്ങൾ വാർത്തയാക്കിയത്.

യൂത്ത് കോൺഗ്രസിലൂടെ വളർന്ന് കോൺഗ്രസിന്‍റെ നേത്യസ്ഥാനങ്ങളിൽ അദ്ദേഹമെത്തി. അഞ്ചു തവണ കേരള നിയമസഭയിൽ അംഗമായി. 1977ൽ ആലുവ മണ്ഡലത്തിൽ നിന്നായിരുന്നു കന്നിയങ്കം. എം.പി.എം. ജാഫർ ഖാനെയാണ് അന്ന് പരാജയപ്പെടുത്തിയത്. തുടർന്ന് 1977 മുതൽ 1996 വരെയും പിന്നീട് 2001 മുതൽ 2006 വരെയും നാലു തവണ കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് ജയിച്ചു കയറി. കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭയിൽ 1991 മുതൽ 1994 വരെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

യൂത്ത് കോൺഗ്രസ് വാഴക്കുളം മണ്ഡലം പ്രസിഡന്‍റ്, പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എന്നീ നേതൃ പദവികളാണ് ആദ്യം വഹിച്ചത്. 1962ൽ എറണാകുളം ജില്ല യൂത്ത് കോൺസ് ജനറൽ സെക്രട്ടറി, 1966ൽ ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി, 1968ൽ എറണാകുളം ഡി.സി.സി അധ്യക്ഷൻ, 1978 മുതൽ 83 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറി, തുടർന്ന് 1997 വരെ കെ.പി.സി.സി ഉപാധ്യക്ഷനായും പ്രവർത്തിച്ചു. 1982ലും 84ഉം കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവുമായി. നിലവിൽ കെ.പി.സി.സി നിർവാഹ സമിതിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.

എറണാകുളം ജില്ല സഹകരണ ബാങ്ക്, പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് ഡയറക്ടർ ആയിരുന്നു. ഐ.എൻ.ടി.യു.സി ദേശീയ കൗൺസിൽ അംഗം, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം, കേരള ഖാദി വ്യവസായ ബോർഡ് വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പെരുമ്പാവൂർ വാഴക്കുളത്തെ തോട്ടത്തിൽ കോട്ടപ്പുറത്ത് എന്ന പ്രമുഖ കുടുംബത്തിലെ അംഗമായിരുന്ന ടി.കെ.എം. ഹൈദ്രോസിന്‍റെയും ഫാത്തിമ ബീവിയുടെയും മകനായി 1941 ഡിസംബറിലാണ് ജനനം. റിഫ്ക ബീഗമാണ് ഭാര്യ. ആറ് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടക്കം എട്ടു പേരാണ് മക്കൾ.

Tags:    
News Summary - T.H. Musthafa: Fiery orator and great organizer in Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.