കെ. പത്മരാജൻ
കോഴിക്കോട്: പാനൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവായിരുന്ന അധ്യാപകന് ബലാത്സംഗം, പോക്സോ വകുപ്പുകളിലായി മരണംവരെ തടവുശിക്ഷ നൽകിയ കോടതി വിധിയിൽ പ്രതികരിച്ച് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ താരാ ടോജോ അലക്സ്. അനീതി നേരിട്ട ഒരു കുഞ്ഞിന്‍റെ ശബ്ദം, അത് മുഴുവൻ സംവിധാനത്തിന്‍റെയും അടിവേരിളക്കും എന്നതിനുള്ള തെളിവാണ് കോടതി വിധിയെന്നും താരാ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പാലത്തായി കേസ് ഒരു വ്യക്തിയുടെ മാത്രം ക്രൂരതയല്ല. മൂല്യച്യുതി വന്ന ഒരു സംവിധാനത്തിന്റെ നേർചിത്രമാണ്. സത്യത്തിന് ഒരു ശക്തിയുണ്ടെന്നും. എത്ര വൈകിയാലും വഴിതിരിച്ചുവിട്ടാലും അവസാനം സത്യം മാത്രമാണ് ജയിക്കുന്നതെന്നും താരാ എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
സത്യത്തിന് ഒരു ശക്തിയുണ്ട് — എത്ര വൈകിയാലും വഴിതിരിച്ചുവിട്ടാലും അവസാനം സത്യം മാത്രമാണ് ജയിക്കുന്നത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് പാലത്തായി കേസ്. നാലാം ക്ലാസുകാരിയായ ഒരു പെൺകുഞ്ഞിന്റെ ജീവിതം തകർക്കാൻ ശ്രമിച്ച ക്രൂരതയോടൊപ്പം, അവളെ സംരക്ഷിച്ച് ന്യായവും നീതിയും നൽകേണ്ടവർ തന്നെയാണ് വേട്ടക്കാരന്റെ പിന്നാലെ നിന്നത് എന്നതും മനുഷ്യത്വത്തിന്റെയും ധാർമികതയുടെയും മൂല്യങ്ങൾ അടിവേരോളം പൊഴിഞ്ഞുപോയ ഒരു സിസ്റ്റത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത് സ്‌കൂള്‍ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജൻ നടത്തിയ നീചമായ കുറ്റകൃത്യത്തിന് പിന്നാലെ കേരളം കണ്ടത് ഒരു കുറ്റവാളിക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തന്നെയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ട് ഒരു മാസത്തിലേറെയായിട്ടും പ്രതിയെ പൊലീസ് പിടികൂടാൻ തയാറായിരുന്നില്ല. കുട്ടിയുടെ മൊഴിയെടുക്കാന്‍ പോലും ആദ്യം കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
വിഷയത്തെക്കുറിച്ച് ബന്ധപ്പെട്ട പ്രദേശത്തെ എം.എൽ.എയ്ക്കും അന്നത്തെ സ്ത്രീ-ശിശുക്ഷേമ, ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ. ശൈലജയ്ക്കും അറിയില്ലെന്ന് അവർ തന്നെ മാധ്യമങ്ങൾ മുന്നിൽ സമ്മതിച്ചത്.... ഇത്രയും ഗുരുതരമായ കേസിൽ സർക്കാരിന്റെ അലംഭാവപൂർണമായ സമീപനവും പ്രതിയെ സംരക്ഷിക്കാൻ ഒരു സംവിധാനം പ്രവർത്തിച്ചുവെന്നതിന്റെ തെളിവാണ്. പ്രതിപക്ഷവും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും തെരുവിൽ പ്രതിഷേധിച്ചപ്പോൾ മാത്രമാണ് കേസ് മുന്നോട്ടു നീക്കാൻ ഇവിടത്തെ സംവിധാനങ്ങൾ തയ്യാറായത്.
2020 മാർച്ച് 16ന് തലശ്ശേരി ഡിവൈ.എസ്.പിക്ക് ലഭിച്ച പരാതിയായിരുന്നു കേസിന് തുടക്കം. പാനൂർ പൊലീസ് ആദ്യ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് നിഗമനത്തിലെത്തി. എന്നാൽ പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ ഏപ്രിൽ 15ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പദ്മരാജനെ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിനെതിരെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം വിമർശനം ഉന്നയിച്ചതോടെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.
ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നതിൽ അലംഭാവം കാണിച്ചു, പ്രതിയെ വിട്ടയേക്കേണ്ട 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കുറ്റപത്രം നൽകിയത്. ഇത്രമേൽ ഗുരുതരമായ കുറ്റകൃത്യത്തിൽ പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പോലും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ല. ഇതിനെ തുടർന്ന് ഹൈക്കോടതിയിൽ നിന്ന് പ്രതിക്ക് ജാമ്യവും ലഭിച്ചു. ഇടക്കാല കുറ്റപത്രത്തിൽ നിന്ന് പോക്‌സോ വകുപ്പ് പോലീസ് ഒഴിവാക്കി.
2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
നിർണായക തെളിവായി കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുണ്ടായതിന്റെയും തുടർന്ന് ചികിത്സ തേടിയതിന്റെയും വിവരങ്ങൾ കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിലെ വീഴ്ചകൾക്കിടയിലും കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. വെറും ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള ആ പെൺകുഞ്ഞ് ധൈര്യമായി തന്റെ അനുഭവങ്ങൾ പറഞ്ഞ നിമിഷം മുതൽ, അവളെ സംരക്ഷിക്കേണ്ടവർ തന്നെ അവൾക്ക് വേണ്ടി നിൽക്കാതെ, ആ കുഞ്ഞിൻ്റെ മൊഴിക്കെതിരേ, ഒരു സമ്പൂർണ്ണ സംവിധാനത്തിന്റെ എതിർ ശബ്ദമാണ് മുഴങ്ങി കേട്ടത്.
ഉന്നത പദവികളിലുള്ള അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ—ഐജി ശ്രീജിത്ത് ഉൾപ്പെടെ—കുട്ടിയുടെ മൊഴിയിലെ ചെറിയ വൈരുദ്ധ്യങ്ങളെ പെരുപ്പിച്ചു കാണിച്ചു കേസ് ദുർബലപ്പെടുത്തി പ്രതിക്ക് രക്ഷാകവചമൊരുക്കാൻ ശ്രമിച്ചതെന്നത് തന്നെ, ഈ നാട്ടിൽ കുട്ടികളെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതിന്റെ ഏറ്റവും അപകടകരമായ കാരണങ്ങളിൽ ഒന്നാണ്.
പിന്നീട് കണ്ടത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ നാടകങ്ങളാണ്..
“ കേസിന് പിന്നിൽ മതതീവ്രവാദം”
“പത്മരാജന്റെ ഭാര്യയുടെ ആത്മഹത്യക്ക് മതതീവ്രവാദികളും ഉത്തരവാദികൾ.”
“കുട്ടി പറയുന്നത് രാഷ്ട്രീയ ഗൂഢാലോചന.”
പക്ഷേ കോടതി ഇതിനൊന്നും ചെവി കൊടുത്തില്ല എന്ന് മാത്രമല്ല, ജഡ്ജിയുടെ വാക്കുകൾ വളരെ കൃത്യതയുള്ളതാണ്...
“ഇത് പോക്സോ കേസാണ്. കേസിന്റെ മെറിറ്റ് മാത്രമാണ് പരിഗണിക്കുക.”
പത്മരാജന് മരണംവരെ ജീവപരന്ത്യവും പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
ഉന്നത പദവികളിൽ നിന്ന് ഉണ്ടായ സമ്മർദ്ദങ്ങൾ, തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ, സാക്ഷികളെ സ്വാധീനിക്കാൻ നടത്തിയ നീക്കങ്ങൾ...
ഒരു കുഞ്ഞിനെ, ഇവിടുത്തെ സിസ്റ്റം തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചപ്പോൾ…
കോടതിക്ക് നട്ടെല്ലുള്ളതു കൊണ്ട് മാത്രമാണ് സത്യം ജയിച്ചത്.
ഏറ്റവും പ്രധാനമായി എടുത്തുപറയേണ്ടത്, കോടതി
കുട്ടിയുടെ മൊഴിക്ക് വിശ്വാസ്യതയും മാന്യതയും നൽകി എന്നതാണ്.
പത്മരാജന് ലഭിക്കുന്ന ശിക്ഷ, അത് ഒരു പീഡനക്കേസ് പ്രതിക്ക് ലഭിക്കുന്ന ശിക്ഷ മാത്രമല്ല, ഇത് ഒരു സംവിധാനത്തിനുള്ള ശക്തമായ താക്കീതാണ്.
കോടതി അയാൾക്ക് വിധിച്ച “മരണവരെ ജീവപര്യന്തം, കൂടാതെ 40 വർഷത്തെ കഠിന തടവുശിക്ഷ"....ഇത് ഒരു ശിക്ഷമാത്രമല്ല, ഒരു പ്രഖ്യാപനമാണ്.
സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്ന ലൈംഗിക രോഗികളെ സംരക്ഷിക്കുന്നവർക്കുള്ള മുന്നറിയിപ്പാണത്.
അധികാരവും സ്വാധീനവും ഉപയോഗിച്ച് സത്യം മറയ്ക്കാം എന്ന ധാരണക്കുള്ള മറുപടിയാണത്.
അനീതി നേരിട്ട ഒരു കുഞ്ഞിൻ്റെ ശബ്ദം…
അത് മുഴുവൻ സംവിധാനത്തിൻ്റെയും അടിവേരിളക്കും എന്നതിനുള്ള തെളിവാണത്.
പക്ഷേ ചോദ്യം ഇവിടെ അവസാനിക്കുന്നില്ല..
ഇങ്ങനെ സംരക്ഷിക്കപ്പെട്ട മറ്റ് പത്മരാജന്മാർ എത്ര പേരാണ് നമുക്ക് ചുറ്റുമുള്ളത്?
ഈ രാഷ്ട്രത്തിന്റെ സംവിധാനങ്ങളിൽ എത്ര മനുഷ്യരുടെ ശബ്ദമാണ് മൂടിവക്കപ്പെട്ടത്?
ന്യായം നൽകേണ്ടവർ എത്ര തവണ ക്രൂരതയ്ക്കൊപ്പം നിന്നു?
പാലത്തായി കേസ് ഒരു വ്യക്തിയുടെ മാത്രം ക്രൂരതയല്ല..
മൂല്യച്യുതി വന്ന ഒരു സംവിധാനത്തിന്റെ നേർചിത്രമാണ്.
വലിയ രാഷ്ട്രീയ ശക്തികൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, സാമൂഹിക സ്വാധീനങ്ങൾ—all joining to protect a predator..
പക്ഷേ, സത്യത്തിന് ഒരു ശക്തിയുണ്ട് — എത്ര വൈകിയാലും വഴിതിരിച്ചുവിട്ടാലും അവസാനം സത്യം മാത്രമാണ് ജയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.