തമിഴ്നാട്ടിൽ `റേഷൻ അരി', അതിർത്തി കടന്നാൽ പൊളിഷ് ചെയ്ത് `ബ്രാന്‍ഡഡ്' അരി; കേരളത്തിൽ മറിച്ചുവിൽപന നടത്തുന്നത് വന്‍ ശൃംഖല
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ റേഷൻ കടകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന അരി കേരളത്തിലെത്തിച്ച് രഹസ്യ ഗോഡൗണുകളിൽ സംഭരിക്കുകയും സ്വകാര്യ മില്ലുകളിൽ സംസ്കരിച്ച് 'ബ്രാൻഡഡ്' അരിയെന്ന പേരിൽ വിപണിയിലെത്തിക്കുകയും ചെയ്യുന്ന ശൃംഖല സജീവം. അതിർത്തി പ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ കിലോയ്ക്ക് 10 മുതൽ 15 രൂപ വരെ വിലയ്ക്കാണ് റേഷൻ അരി ശേഖരിക്കുന്നത്. പിന്നീട് വൻതോതിൽ എറണാകുളം കാലടിയിലെ സ്വകാര്യ മില്ലുകളിലെത്തിച്ച് പോളിഷ് ചെയ്ത് പാക്കറ്റുകളിലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുന്നതായാണ് വിവരം.
തമിഴ്‌നാട് അതിർത്തിയിലെ അനധികൃത ഗോഡൗണുകൾ കേന്ദ്രീകരിച്ച് സിവിൽ സപ്ലൈസ് വ്യാപകമായി പരിശോധന നടത്തുന്നതിന് പിന്നാലെ പല കേന്ദ്രങ്ങളും ഇപ്പോൾ അടച്ചുപൂട്ടിയിട്ടുണ്ട്. ഗോഡൗണിൽനിന്ന് അരി മാറ്റിയെന്നും വിവരമുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന അരി ചെറിയ വാഹനങ്ങളിൽ അതിർത്തി കടത്തി കേരളത്തിലെ രഹസ്യ ഗോഡൗണുകളിൽ എത്തിക്കും. പിന്നാലെ രാത്രിയിൽ സ്വകാര്യ മില്ലുകളിലേക്ക് അരി മാറ്റും. അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അരി കടത്തുന്നതിനായി അധികൃതരും ഒത്താശ ചെയ്യുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇത്തരത്തിൽ ഈ മാസം ഏഴിന് പനച്ചമൂട്ടിൽനിന്ന് പിടികൂടിയ അരിയും ഗോതമ്പും ഇന്നലെ അമരവിള സിവിൽ സപ്ലൈസ് ഓഫീസിലേക്ക് മാറ്റിയിരുന്നു. താലൂക്ക് സപ്ലൈസ് ഓഫീസർ എച്ച്. പ്രവീൺകുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.