ആറ്റുകാൽ പൊങ്കാല (ഫയൽ ചിത്രം)

ആറ്റുകാൽ പൊങ്കാലക്ക് സുരക്ഷയൊരുക്കാൻ തമിഴ്നാട് പൊലീസ്; പ്രത്യേക സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് സുരക്ഷയൊരുക്കാൻ തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക സംഘം എത്തും. പൊങ്കാല ദിവസമായ മാർച്ച് ഏഴിന് ആറ്റുകാലിലും പരിസരത്തും സുരക്ഷക്കായി 'സ്പോട്ടർ' വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരാണ് എത്തുക. പൊങ്കാല ദിവസമുണ്ടാവുന്ന തിരക്കിനിടെ കുറ്റകൃത്യങ്ങൾ നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കേരള പൊലീസ് തമിഴ്നാട് പൊലീസിന്റെ സഹായം തേടിയത്. തമിഴ്നാട്ടിൽ നിന്നും ഇവിടേക്കെത്തുന്ന സ്ഥിരം കുറ്റവാളികളെ തിരിച്ചറിയാൻ സ്പോട്ടർ പൊലീസിനാവുമെന്നതിനാലാണ് തീരുമാനം. കേരള പൊലീസും തമിഴ്നാട് പൊലീസും സംയുക്തമായാണ് പൊങ്കാലക്ക് സുരക്ഷയൊരുക്കുക.

കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ കൂടുതൽ ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ പഴുതടച്ച സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുറ്റവാളികളുടെ ചിത്രങ്ങൾ തമിഴ്നാട് പൊലീസിൽ നിന്ന് ശേഖരിച്ച് അമ്പലത്തിൽ നിലവിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുമുണ്ട്. ഭക്തർക്ക് തിരിച്ചറിയാനായി കുറ്റവാളികളുടെ ചിത്രങ്ങളും ആറ്റുകാലിലും പരിസരത്തും സ്ഥാപിക്കും.

ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പ്രശ്നങ്ങൾ തടയുന്നതിനും ഭക്തരുടെ സുരക്ഷക്കും പൊലീസ് പ്രത്യേകം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും 24 മണിക്കൂറും നിരീക്ഷണവുമുണ്ടാകും.വിവിധ സംഘടനകളും മറ്റും ഭക്തജനങ്ങൾക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും.

ക്ഷേത്ര പരിസരത്ത് ലഹരി ഉപയോഗവും വിൽപനയും തടയാൻ കർശനമായ പരിശോധന നടത്തും. പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡൽ ഓഫീസറായി സബ് കളക്ടർ അശ്വതി ശ്രീനിവാസിനെയാണ് നിയമിച്ചിരിക്കുന്നത്. ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെയാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നടക്കുന്നത്.

Tags:    
News Summary - Tamil Nadu Police to provide security for Attukal Pongala; Special team to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.