ആലപ്പുഴ/കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ ശക്തമായ പ്രതിഷേധവുമായി കാന്തപുരം വിഭാധം സുന്നി സംഘടനകൾ. ആലപ്പുഴയിൽ സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് നൈസാം സഖാഫി നേതൃത്വം നൽകി.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള മുസ്‍ലിം ജമാഅത്ത് അറിയിച്ചു. കൊലപാതകക്കേസില്‍ വിചാരണ നേരിടുന്ന ക്രിമിനല്‍ പ്രതിയെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ അധികാരമുള്ള ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് കേരള മുസ്‍ലിം ജമാഅത്ത് പ്രസ്താവനയിലൂടെ അറിയിച്ചു.
മദ്യപിച്ച് ലെക്കുകെട്ട് എല്ലാ നിയമങ്ങളെയും അവഗണിച്ച് വാഹനമോടിച്ചാണ് പ്രതി കെ എം ബഷീറിനെ കൊലപ്പെടുത്തിയത്. നിയമ കാര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ഉന്നത ഭരണത്തിലിക്കുന്നയാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹത്തിന് ജില്ലയിലെ നിയമ കാര്യങ്ങളില്‍ ഇടപെടാവുന്ന അധികാരം എന്തിന്‍റെ പേരിലായാലും നല്‍കുന്നത് അനുചിതവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ് -കേരള മുസ്‍ലിം ജമാഅത്ത് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കുറ്റകൃത്യം ചെയ്ത പ്രതി നിയമത്തെ വെല്ലുവിളിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാളുമാണ്. സര്‍വിസ് ചട്ടങ്ങളുടെ പേരില്‍ പ്രതിക്ക് ഉന്നത വിധിന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കുന്നത് പൊതു സമൂഹത്തിന് നേരെ കാണിക്കുന്ന ധിക്കാരമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം പുനഃപരിശോധിക്കണം. അല്ലാത്ത പക്ഷം ശക്തമായി തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുമെന്നും കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന കാബിനറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.