സിനഡിന് നിവേദനം നൽകാനെത്തിയവരെ തടഞ്ഞു; പ്രതിഷേധവുമായി സഭാ വിശ്വാസികൾ

കൊച്ചി: സിറോ മലബാർ സഭ സിനഡ് നടക്കുന്ന കാക്കനാട് മൗണ്ട് സെന്‍റ്​ തോമസിനുമുന്നിൽ പ്രതിഷേധവും കുത്തിയിരിപ്പ് സമരവുമായി ഒരുകൂട്ടം വൈദികരും വിശ്വാസികളും. കുർബാന ഏകീകരണം സംബന്ധിച്ച്​ സിനഡിന്​ നിവേദനം നൽകാനെത്തിയ അൽമായ മുന്നേറ്റം, അതിരൂപത സമിതി പ്രതിനിധികളെ പൊലീസ് സന്നാഹത്തോടെ തടഞ്ഞതാണ് പ്രതിഷേധത്തിനിടയാക്കിയത്. രാവിലെ 10നായിരുന്നു സംഭവം. തുടർന്ന് പ്രതിഷേധക്കാർ കുത്തിയിരിപ്പുസമരം തുടങ്ങി, ഒപ്പം നിരാഹാര സമരവും പ്രഖ്യാപിച്ചു. ഇതേതുടർന്ന് ഉച്ചക്ക് ഒന്നോടെയാണ് അൽമായ മുന്നേറ്റക്കാരെ അകത്തു പ്രവേശിപ്പിക്കാനും നിവേദനം സ്വീകരിക്കാനും തയാറായത്.

തുടർന്ന് കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലിന്‍റെ നേതൃത്വത്തിൽ അൽമായ മുന്നേറ്റം കൺവീനർ ബിനു ജോൺ, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ് എന്നിവരിൽനിന്ന് നിവേദനം ഏറ്റുവാങ്ങി. അതിരൂപത സമിതി അംഗങ്ങളായ ബോബി ജോൺ, ജോമോൻ തോട്ടാപ്പിള്ളി, ഷൈജു ആന്‍റണി, റിജു കാഞ്ഞൂക്കാരൻ, ജോജോ ഇലഞ്ഞിക്കൽ, പ്രകാശ് പി. ജോൺ, നിമ്മി ആന്‍റണി, ജൈമി, വിജിലൻ ജോൺ, പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകി.

ഇപ്പോള്‍ ചൊല്ലിവരുന്ന ജനാഭിമുഖ കുര്‍ബാന സിനഡിന്‍റെ തീരുമാനത്തില്‍നിന്ന്​ സ്ഥിരമായി ഒഴിവാക്കിയോ അല്ലെങ്കില്‍ പ്രത്യേക അവകാശമായോ സ്ഥാപിച്ചു തരണമെന്നാവശ്യപ്പെട്ടാണ് നിവേദനം. 50 വര്‍ഷത്തിലേറെയായി ചൊല്ലിവരുന്ന ജനാഭിമുഖ കുര്‍ബാന ചര്‍ച്ചയോ കൂടിയാലോചനയോ കൂടാതെ മാറ്റി 50-50 ഫോര്‍മുല മെത്രാന്മാര്‍ അടിച്ചേൽപിക്കുന്നത് ഇന്നത്തെ കാലഘട്ടത്തിനോ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചൈതന്യത്തിനോ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രീതിക്കോ നിരക്കുന്നതല്ലെന്നും അതിരൂപത അൽമായ മുന്നേറ്റം പ്രഖ്യാപിച്ചു.

ആഗസ്റ്റിൽ ഓൺലൈനിൽ കൂടിയ സിനഡിൽ പങ്കെടുത്ത മെത്രാന്മാർതന്നെ തീരുമാനങ്ങൾ ഐകകണ്​ഠ്യേന ആയിരുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ, വിശ്വാസികളെയും വത്തിക്കാനെയും തെറ്റിദ്ധരിപ്പിച്ച മേജർ ആർച് ബിഷപ്പും മെത്രാന്മാരും മാപ്പുപറയണമെന്നും സിനഡ് തീരുമാനങ്ങൾ തിരുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Syro malabar sabha: Blocked those who came to petition the Synod; Church believers in protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.