സ്വാമി ആനന്ദവനം ഭാരതിയെ ആചാര്യ സ്വാമി അവധേശാനന്ദഗിരി മഹാരാജ് അഭിഷേകം ചെയ്യുന്നു

അന്ന് മാധ്യമപ്രവർത്തകൻ, വിദ്യാർഥി നേതാവ്; മഹാകുംഭ മേളയിൽ മഹാമണ്ഡലേശ്വറായി മലയാളി സന്യാസി

തൃശൂർ: കേരളവർമ കോളജിൽ ബിരുദ പഠനകാലത്ത് എസ്.എഫ്.ഐയുടെ പ്രമുഖ നേതാവ്, പഠന ശേഷം 10 വർഷത്തോളം മാധ്യമപ്രവർത്തകൻ, ഒടുവിൽ ആധ്യാത്മികതയുടെ പാതയിലേക്ക്. യു.പിയിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ മഹാമണ്ഡലേശ്വറായി അവരോധിക്കപ്പെട്ട സ്വാമി ആനന്ദവനം ഭാരതി കടന്നുവന്ന വഴികളാണിത്.

തൃശൂർ ചാലക്കുടി അന്നനാട് മേനോക്കി തറവാട്ടിൽ സേതുമാധവന്റെയും ആനന്ദവല്ലിയുടെയും മകനാണ് സ്വാമി ആനന്ദ വനം ഭാരതി. പി. സലിൽ എന്നായിരുന്നു പഴയ പേര്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് പ്രീ -ഡിഗ്രിയും തൃശൂർ ശ്രീ കേരളവർമ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. എസ്എഫ്ഐ തൃശൂർ ജില്ലാ വൈസ് പ്രസിഡന്‍റ്, കേരളവർമ കോളജ് യൂണിറ്റ് സെകട്ടറി, തൃശൂർ ഏരിയാ പ്രസിഡന്‍റ്, ഇരിങ്ങാലക്കുട ഏരിയാ വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ കേരള മീഡിയാ അക്കാദമിയിൽ നിന്നാണ് ജേണലിസം പൂർത്തിയാക്കിയത്.

മീഡിയാ അക്കാദമി അസി. എഡിറ്ററായി പ്രവർത്തിച്ചിരുന്നു. പിന്നീടാണ് ആത്മീയ മേഖലയിലേക്ക് കടന്നത്. 2019 ൽ കുംഭമേളയിൽ അഖാഡയിൽ നിന്ന് നാഗദീക്ഷ സ്വീകരിച്ചു. കൊട്ടാരക്കര അവധൂതാശ്രമത്തിൽ നിന്ന് കഴിഞ്ഞ വർഷം ദീക്ഷ സ്വീകരിച്ചു. ധർമ പ്രചരണത്തിനും ധർമ സംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവർത്തനങ്ങൾ കേരളം കേന്ദ്രമാക്കി ദക്ഷിണ ഭാരതത്തിലുടനീളം വ്യാപിപ്പിക്കാനുള്ള നിയോഗമായാണ് ഈ സ്ഥാനത്തെ കാണുന്നതെന്ന് ആനന്ദവനം ഭാരതി പറഞ്ഞു. കുംഭമേളയിൽ മലയാളികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രതിദിനം അമ്പതോളം പേർക്ക് താമസ സൗകര്യവും അന്നദാനവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപും സംഘടിപ്പിക്കുന്നുണ്ട്. 

Tags:    
News Summary - swami anandavanam bharti became mahamandaleshwar of juna akhara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.