സുരേഷ് ഗോപി

​'ഒറ്റ തന്തക്ക് പിറന്നവനാണ് വാക്ക് മാറ്റില്ല'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപി

തിരുവനന്തപുരം: എയിംസ്‍ വിഷത്തിൽ താൻ ഒരിക്കലും വാക്ക് മാറ്റിയിട്ടില്ലെന്ന് തൃശൂർ എം.പി സുരേഷ്​ ഗോപി. ഒറ്റ തന്തക്ക് പിറന്നവനാണ് താനെന്നും വാക്ക് മാറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നാണ് തുടക്കം മുതൽ പറഞ്ഞിരുന്നത്. അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. എയിംസ് തൃശൂരിൽ സ്ഥാപിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നത്. രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഇക്കാര്യത്തിൽ കാണുന്നത്. ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂരുകാര്‍ പ്രാര്‍ഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു

തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുൻപ് തന്നെ ആലപ്പുഴയിൽ എയിംസ് വേണന്നു പറഞ്ഞിരുന്നു. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്. ഒരിക്കലും വാക്കുമാറില്ല. മെട്രോ റെയിൽ സര്‍വീസ് തൃശൂരിലേക്ക് വരുമെന്നും താൻ പറഞ്ഞിട്ടില്ല. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

'സുരേഷ്​ ഗോപി പാർട്ടിക്ക്​ മുകളിൽ സഞ്ചരിക്കേണ്ട'; എയിംസിൽ സുരേഷ്​ ഗോപിയെ തള്ളി ബി.ജെ.പി നേതാക്കൾ

കാസർകോട്​: എയിംസ്​ വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ്​ ഗോപിയെ തള്ളി ബി.ജെ.പി നേതാക്കൾ. എയിംസ് തൃശൂരിൽ അല്ലെങ്കിൽ ആലപ്പുഴയിൽ സ്ഥാപിക്കണമെന്നും അതു നടന്നില്ലെങ്കിൽ തമിഴ്​നാട്ടിലേക്ക്​ കൊണ്ടുപോകുമെന്നുമുള്ള സുരേഷ്​ ഗോപിയുടെ അഭിപ്രായമാണ്​ ബി.ജെ.പിയിൽ തർക്കമുണ്ടാക്കിയിരിക്കുന്നത്​.

ഒരിക്കലും സുരേഷ്​ ഗോപിയുടെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്ന്​ സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ്​ കാസർകോട്ട് മാധ്യമങ്ങളോട്​ പ്രതികരിച്ചു. കേരളത്തിൽ വേണമെന്നാണ്​ ബി.ജെ.പിയുടെ നിലപാട്​. സുരേഷ്​ ഗോപിയുടെ കടുംപിടിത്തം അദ്ദേഹത്തോട്​ ചോദിക്കണം. ആ അഭിപ്രായം ബി.ജെ.പിക്കില്ല. എല്ലാ ജില്ലക്കാർക്കും അവകാശപ്പെടാം. ഒരു ജില്ലക്ക്​ ഒരു മെഡിക്കൽ കോളജ്​ എന്ന കേന്ദ്രസർക്കാർ നിലപാടാണ്​ ആരോഗ്യരംഗത്തെ പ്രശ്​നങ്ങൾ പരിഹരിക്കുന്നത്​. എയിംസ്​ കേരളത്തിനാണ്,​ ജില്ലക്കല്ല -എം.ടി. രമേശ്​ പറഞ്ഞു.

ബി.ജെ.പി കോഴിക്കോട്​ മേഖല പ്രസിഡന്റ്​ അഡ്വ. കെ. ശ്രീകാന്തും​ സുരേഷ്​ ഗോപിയുടെ നിലപാടിനെ തള്ളി രംഗത്തുവന്നിരുന്നു. സുരേഷ്​ ഗോപിയുടെ പ്രസ്താവന വന്നയുടനെ, ആരോഗ്യമേഖലയിൽ ഏറെ പിന്നാക്ക ജില്ലയായ കാസർകോട്ട് എയിംസ്​ അനുവദിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സർവകക്ഷി സംഘത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക്​ നിവേദനം സമർപ്പിച്ച കാര്യവും ശ്രീകാന്ത്​ ചൂണ്ടിക്കാട്ടി.

സുരേഷ്​ ഗോപി പാർട്ടിക്ക്​ മുകളിൽ സഞ്ചരിച്ച്​ അഭിപ്രായങ്ങൾ പറയുന്നതിന് എതിരെയുള്ള എതിർപ്പുകളാണ്​ നേതാക്കളുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്നാണ്​ വിലയിരുത്തൽ. പുതിയ സംസ്ഥാന പ്രസിഡന്റും മറ്റു​ ഭാരവാഹികളുമെല്ലാം സുരേഷ്​ ഗോപിയുടെ പോക്കിൽ അതൃപ്​തരാണെന്നാണ്​ പറയുന്നത്​. തൃശൂരിലെ കലുങ്ക്​ സംവാദത്തിൽ വയോധികയോട്​ അപമര്യാദയായി പെരുമാറിയതും എം.പിക്കെതിരെയുള്ള വികാരം ബി.ജെ.പിക്കകത്ത്​ രൂക്ഷമാക്കിയതായാണ് സൂചന.

Tags:    
News Summary - Suresh Gopi on AIIMS issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.