തിരുവമ്പാടി (കോഴിക്കോട്): രണ്ടര പതിറ്റാണ്ടായി സംസ്ഥാനത്ത് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്പെഷൽ എജുക്കേറ്റർമാർക്ക് സ്ഥിരനിയമനത്തിൽ പുതുപ്രതീക്ഷ. 2026 ജനുവരി 31നകം സ്ഥിരനിയമനം നൽകണമെന്ന നവംബർ നാലിലെ സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ എസ്.എസ്.കെ പദ്ധതിയിലെ 2800 ഓളം സ്പെഷൽ എജുക്കേറ്റർമാർക്ക് ഗുണകരമായേക്കും. ഭിന്നശേഷി കുട്ടികൾക്ക് പഠനപിന്തുണ നൽകാനായി രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്ന് കഴിഞ്ഞ മാർച്ച് ഏഴിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 12 ആഴ്ചകൾക്കകം സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്ന സുപ്രീംകോടതി നിർദേശം സംസ്ഥാനത്ത് നടപ്പാക്കിയിരുന്നില്ല.
കരാർ നിയമനം നടത്താമെന്നും സ്കൂളുകളിൽ ഭൗതിക സൗകര്യമൊരുക്കാൻ പണമില്ലെന്നുമുള്ള കേരള സർക്കാർ വാദം തള്ളിയാണ്, നിലവിലുള്ള അധ്യാപകരുടെ ജോലിസുരക്ഷ അടുത്ത മൂന്നുമാസത്തിനകം ഉറപ്പാക്കണമെന്ന് കോടതി ചൊവ്വാഴ്ച ഉത്തരവിട്ടത്. കേരളത്തിന് എസ്.എസ്.കെ ഫണ്ട് നൽകുമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്യ കോടതിയിൽ ഉറപ്പുനൽകിയതിനെ തുടർന്ന് ആദ്യ ഗഡുവായ 92.41 കോടി രൂപ ലഭിച്ചുകഴിഞ്ഞു.
2016ൽ ഉത്തർപ്രദേശ് സ്വദേശിയായ രജ്നീഷ് കുമാർ പാണ്ഡെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ കേരളത്തിലെ സ്പെഷൽ എജുക്കേറ്റർമാർ 2022ലാണ് കക്ഷിചേർന്നത്. സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ ഓഫ് കേരളക്കുവേണ്ടി (സെഫ് കെ) സീനിയർ അഭിഭാഷകൻ വി. ചിദംബരേഷും കെ.ആർ.ടി.എക്കുവേണ്ടി അഡ്വ. രാകേന്ത് ബസന്ത്, അഡ്വ. സുഭാഷ് ചന്ദ്രൻ എന്നിവരും കോടതിയിൽ ഹാജരായി.
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച വെള്ളൂർ എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിലെ (കെ.പി.പി.എൽ) 181 കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. എച്ച്.എൻ.എൽ പൂട്ടിയതിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്കാണ് സംസ്ഥാന സർക്കാർ പുനർനിയമനം നൽകിയത്. സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം വിറ്റുവരവ് ക്രമാനുഗതമായി വർധിപ്പിക്കാൻ കെ.പി.പി.എല്ലിന് കഴിഞ്ഞതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.