നവീന് ബാബു
ന്യൂഡൽഹി: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടാൻ സാധിക്കില്ലെന്നും ഈ കേസിൽ ആത്മഹത്യാപ്രേരണ സംബന്ധിച്ച് അന്വേഷണം നടന്നിട്ടുണ്ടെന്നും ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഇൻക്വസ്റ്റ് - പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ വൈരുധ്യങ്ങളുണ്ടെന്നും മഞ്ജുഷ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തേ ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹ്രസ്വമായ വാദം കേൾക്കൽ മാത്രമാണ് സുപ്രീംകോടതിയിലുണ്ടായത്. മഞ്ജുഷക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സുനിൽ ഫെർണാണ്ടസും എം.ആർ. രമേശ് ബാബുവും ഹാജരായി. 2024 ഒക്ടോബറിലാണ് നവീൻ ബാബുവിനെ കണ്ണൂരിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ഏക പ്രതിയായി കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ മാത്രമാണുള്ളത്. ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എ.ഡി.എമ്മിനുള്ള യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് നവീൻബാബു ജീവനൊടുക്കിയതെന്നും അധികാരവും പദവിയും അവർ ദുരുപയോഗം ചെയ്തെന്നും കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എ.ഡി.എമ്മിനെ അപമാനിക്കുക ലക്ഷ്യമിട്ടാണ് ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത്. പ്രസംഗത്തിന്റെ വിഡിയോ ചിത്രീകരിക്കുന്നതിന് പ്രാദേശിക ചാനലിന്റെ വിഡിയോഗ്രാഫറെ ചുമതലപ്പെടുത്തി. സ്വന്തം ഫോണിലൂടെ ആ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. പ്രസംഗത്തിനിടെ ‘രണ്ടുദിവസത്തിനകം അറിയാമെന്ന’ പരാമർശം ഭീഷണിയാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റും കണ്ണൂരിലെ സി.പി.എമ്മിന്റെ പ്രധാനികളിൽ ഒരാളുംകൂടിയായ ദിവ്യയുടെ പരാമർശം ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ എ.ഡി.എം ഭയപ്പെട്ടു. തുടർന്നാണ് പിറ്റേന്ന് പുലർച്ചയോടെ നവീൻ താമസസ്ഥലത്ത് ജീവനൊടുക്കിയതെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.