ന്യൂഡൽഹി: യമനിൽ കൊലപാതകക്കേസിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ രക്ഷിക്കാൻ ഇതുവരെ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ തിങ്കളാഴ്ച കോടതിയെ അറിയിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് അറ്റോണി ജനറലിന് നോട്ടീസ് അയച്ചു. വിഷയത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ചാണ് ഈ നടപടിയെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
16ന് നടപ്പാക്കുമെന്ന് പറയുന്ന വധശിക്ഷയിൽനിന്ന് രക്ഷിക്കാൻ കേന്ദ്ര സർക്കാറിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നിമിഷപ്രിയ ആക്ഷൻ കമ്മിറ്റി സുപ്രീംകോടതി അഭിഭാഷകൻ അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ഈ മാസം 16ന് നിമിഷപ്രിയയെ വധശിക്ഷക്ക് വിധേയമാക്കുമെന്നാണ് വാർത്തകൾ വരുന്നതെന്നും അതിനാൽ വെള്ളിയാഴ്ച ഹരജിയിൽ വാദം കേൾക്കണമെന്നുമാണ് ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ രാഗേന്ദ് ബസന്ത് വാദിച്ചത്. വെള്ളിയാഴ്ച കോടതി ഇക്കാര്യത്തിൽ എന്തെങ്കിലും നിർദേശം കേന്ദ്ര സർക്കാറിന് നൽകിയാൽ ശനി, ഞായർ ദിവസങ്ങൾ കൂടി നയതന്ത്ര നീക്കങ്ങൾക്ക് ലഭിക്കുമെന്നും രാഗേന്ദ് ബോധിപ്പിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികൂടി മനസ്സിലാക്കി തിങ്കളാഴ്ച കേസ് പരിഗണിക്കാമെന്നും എ.ജിക്ക് നോട്ടീസ് നൽകാമെന്നും ജസ്റ്റിസ് സുധാൻഷു ധൂലിയ വ്യക്തമാക്കി.
തന്റെ ബിസിനസ് പങ്കാളിയായിരുന്ന യമന്‍ പൗരൻ തലാലിനെ 2017ൽ നിമിഷപ്രിയ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ. സുഹൃത്തായി സഹായിക്കാന്‍ എത്തിയ ഒരാളില്‍ നിന്നുണ്ടായ ക്രൂരതകളിൽനിന്ന് രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടർന്നാണ് കൊലപാതകം നടത്തേണ്ടിവന്നതെന്ന് നിമിഷപ്രിയ നേരത്തേ പറഞ്ഞിരുന്നു. കൊലപാതകം നടത്തിയ നിമിഷപ്രിയക്ക് വധശിക്ഷയും സഹായംചെയ്ത സഹപ്രവര്‍ത്തകക്ക് ജയില്‍ ശിക്ഷയും വിധിച്ചു. 2018ല്‍ വധശിക്ഷക്കുള്ള കീഴ്ക്കോടതി വിധി യമൻ സുപ്രീംകോടതിയും ശരിെവച്ചു. മോചനത്തിന് ആക്ഷൻ കമ്മിറ്റി ശ്രമം നടത്തുന്നതിനിടയിലാണ് വധശിക്ഷ ഈമാസം 16ന് നടപ്പാക്കുമെന്ന പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.