അൻവറിനെതിരെ നിലപാട് കടുപ്പിച്ച് സണ്ണി ജോസഫ്; ‘ഞാനും സതീശനും അടക്കമുള്ളവരുടേത് കൂട്ടായ തീരുമാനം, യു.ഡി.എഫ് സ്ഥാനാർഥിയെ അംഗീകരിക്കാത്തതാണ് പ്രശ്നം’

കോഴിക്കോട്: പി.വി. അൻവർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. പി.വി. അൻവർ നിലപാട് തിരുത്തണമെന്ന് തന്‍റെയും വി.ഡി. സതീശന്‍റെയും നിലപാടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

അൻവർ തിരുത്തി വരണമെന്ന് തന്നെയാണ് കെ. സുധാകരന്‍റെയും നിലപാട്. എല്ലാവരും ആലോചിച്ച് എടുത്ത തീരുമാനമാണ്. നേതാക്കൾ പറഞ്ഞ വാക്കുകളിൽ മാത്രമാണ് വ്യത്യാസം, നിലപാടിൽ മാറ്റമില്ല. അൻവർ യു.ഡി.എഫ് സ്ഥാനാർഥിയെ അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്നമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി അൻവർ ചർച്ച നടത്തട്ടെ എന്നാണ് തീരുമാനം. അതു കൊണ്ടാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അൻവറിനെ കാണാൻ വിസമ്മതിച്ചത്.

തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടി ആയതിനാൽ കേരളത്തിൽ സഖ്യം ഉണ്ടാക്കാൻ തടസമുണ്ട്. ഈ വിഷയത്തിൽ ചർച്ച പുരോഗമിക്കുകയാണ്. എന്നാൽ, അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കാൻ മടിയില്ല. അതിന് അൻവർ ധൃതി വെക്കേണ്ട. അൻവർ സ്വതന്ത്രമായി മത്സരിക്കില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

നിലമ്പൂരിൽ തിരിച്ചടിയുണ്ടായാൽ പോലും അൻവറിന്‍റെ വിലപേശലുകൾക്ക്​​ പരിധിവിട്ട്​ വഴങ്ങേണ്ടതില്ലെന്ന നിലപാടി​ലേക്ക്​ കോൺഗ്രസ്​ എത്തിയെന്നാണ്​ സൂചന. ചൊവ്വാഴ്ച രാത്രി ലീഗ്​ നേതാക്കളു​ടെ മധ്യസ്ഥതയിൽ നിലമ്പൂരിൽ ചർച്ച തുടർ​ന്നെങ്കിലും അൻവറിനെ അനുനയിപ്പിക്കാവുന്ന ഫോർമുല രൂപപ്പെട്ടിരുന്നില്ല. യു.ഡി.എഫിൽ അസോസിയേറ്റ്​ മെമ്പർ പദവിക്കപ്പുറം ഉറപ്പു​കളൊന്നും നൽകാൻ കോൺഗ്രസ്​ തയാറായില്ല.

ജയസാധ്യതയുള്ള സീറ്റ്​ നൽകുന്നതും തർക്കവിഷയമായി. മധ്യസ്ഥരായ ലീഗ്​ നേതാക്കൾക്കും ഇക്കാര്യത്തിൽ വ്യക്​തത ഉണ്ടായിരുന്നില്ല. എന്നാലും മയപ്പെടുന്നതിന്‍റെ സൂചന അദ്ദേഹം നൽകിയിരുന്നെങ്കിലും ബുധനാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ അൻവർ കടുത്ത നിലപാടിലേക്ക്​ പോയി. വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ട അൻവർ, കെ.സി. വേണുഗോപാൽ അടക്കം മറ്റ് നേതാക്കളെ പുകഴ്ത്തി. ഇത്​ സതീശനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടു.

കെ.പി.സി.സി പ്രസിഡന്‍റ്​ തന്നെ ഇത​ിനെതിരെ പ്രസ്താവനയിറക്കി. അൻവർ പറയുന്നതിനെല്ലാം മറുപടി വേ​ണ്ടെന്നും തലേദിവസം പറഞ്ഞതി​ൽനിന്ന് ഒരു മാറ്റവുമി​ല്ലെന്നും സതീശനും മറുപടി നൽകി. പിന്നാലെ കെ. സുധാകരൻ അൻവറിനു വേണ്ടി രംഗത്തിറങ്ങി. അൻവറിനെ ഒപ്പം നിർത്തണമെന്നും വ്യക്​തിപരമായ അഭിപ്രായങ്ങൾക്ക്​ പ്രസക്​തിയില്ലെന്നും തുറന്നടിച്ചു. ഇതോടെ, ​അൻവർ വിഷയത്തിൽ കോൺഗ്രസിനുള്ളിലെ കലഹം പുറത്തുചാടി. പ്രശ്നം ​നിലമ്പൂരിലെ പ്രചാരണത്തെ ബാധിക്കുന്ന നിലയിലേക്ക്​ വളരുമെന്ന നിലയിലെത്തി.

പി​.കെ. കുഞ്ഞാലിക്കുട്ടി ഇ​ടപെട്ട്​ രണ്ടാമതും അനുനയനീക്കം സജീവമാക്കിയെങ്കിലും അൻവറിന്‍റെ ഭീഷണികൾക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ്​ ഉറച്ചുനിന്നു. തുടർന്നാണ്​ പ്രശ്നം പരിഹരിക്കാൻ കെ.പി.സി.സി പ്രാപ്തമാണെന്നും വിഷയത്തിൽ കൂടുതൽ ഇടപെടാനില്ലെന്നുമുള്ള നിലപാടിലേക്ക്​ കെ.സി. വേണുഗോപാൽ എത്തിയതെന്നാണ്​ സൂചന. അൻവറും കോൺഗ്രസും യോജിച്ചു പോകില്ലെന്ന സൂചന നൽകുന്നതാണ്​ ഏറ്റവും ഒടുവി​ലത്തെ സംഭവവികാസം.

അന്‍വര്‍ നിലപാട് തിരുത്തിയാല്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്ന വി.ഡി. സതീശന്‍റ നിലപാടിനാണ്​ കെ.പി.സി.സിയിൽ മൂൻതൂക്കം ലഭിച്ചത്​. അതിനാൽ ഒരു പക്ഷെ, നിലമ്പൂരിൽ തൃണമൂൽ സ്ഥാനാർഥിയായി അൻവർ വരാനുള്ള സാധ്യത രൂപപ്പെടുകയാണ്​. അതേസമയം, നിലമ്പൂരിൽ തൃണമൂൽ ഒറ്റക്ക്​ മത്സരിക്കുന്നതിന്‍റെ സൂചന നൽകി അൻവറിന് വേണ്ടി മണ്ഡലത്തിൽ ഫ്ലക്സ്​ ബോർഡുകൾ ഉയരുകയും ചെയ്തു.

Full View

Tags:    
News Summary - Sunny Joseph toughens his stance against PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.