തിരുവനന്തപുരം: ബി.എൽ.ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കാൻ കാരണം സി.പി.എമ്മിന്‍റെ ഭീഷണിയെന്ന് കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്. കോൺഗ്രസിന്‍റെ ബി.എൽ.ഒയെ കൂടെ കൂട്ടിയതിന് സി.പി.എം ബി.എൽ.ഒ ഭീഷണിപ്പെടുത്തി. ഇത് കടുത്ത മാനസിക സമ്മർദത്തിന് വഴിവെച്ചു. ഇക്കാര്യം കോൺഗ്രസ് ബി.എൽ.ഒയോട് അനീഷ് ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞിട്ടുണ്ടെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന്‍റെ ബി.എൽ.ഒയെ കൂടി വീട് സന്ദർശിച്ചാൽ രണ്ടുപേരും കൂടി ലഘുലേഖ വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി കള്ളപ്പരാതി നൽകി ബുദ്ധിമുട്ടിക്കുമെന്ന് സി.പി.എമ്മിന്‍റെ ആളുകൾ പറഞ്ഞതായി അനീഷിന്‍റെ ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്.
ബി.എൽ.ഒ എന്ന നിലയിൽ അനീഷിന് ജോലി ഭാരം അലട്ടിയിരുന്നു. ജോലി ഭാരത്തിന്‍റെ സമ്മർദവും രാഷ്ട്രീയ ഭീഷണിയുമാണ് അനീഷിനെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ വസ്തുനിഷ്ടമായ അന്വേഷണം നടക്കണം. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ജോലി സമ്മര്‍ദം കാരണം വോട്ടർ പട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) ചുമതലയുള്ള ബൂത്ത് ലെവൽ ഓഫിസറെ (ബി.എൽ.ഒ) വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ രാമന്തളി കുന്നരു എ.യു.പി സ്കൂളിലെ ജീവനക്കാരൻ കാങ്കോൽ ഏറ്റുകുടുക്കയിലെ അനീഷ് ജോര്‍ജ് (45) ആണ് മരിച്ചത്. വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഞായറാഴ്ച രാവിലെ 11ഓടെ ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷ് ജോർജിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടുകാർ പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോഴാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടത്. രാവിലെ കുടുംബത്തെ പള്ളിയിൽ കൊണ്ടുവിട്ടതിനു ശേഷമായിരുന്നു ജീവനെടുക്കിയതെന്ന് സംശയിക്കുന്നു.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് അനീഷ് കഴിഞ്ഞ ദിവസം കടുത്ത ജോലി സമ്മര്‍ദത്തിലായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നുവരെ ജോലി ചെയ്തതായും പറയുന്നു. 15 വർഷമായി കുന്നരു എ.യു.പി സ്കൂളിലെ പ്യൂണാണ് അനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.