സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും റെക്കോര്‍ഡ്. 5066 മെഗാവാട്ടായിരുന്നു ഇന്നലെ പ്രധാന സമയത്തെ ഉപഭോഗം. ഇത് സര്‍വകാല റെക്കോര്‍ഡാണെന്ന് അധികൃതർ പറയുന്നു. മാർച്ച് 11ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടിനെയാണിത് മറികടന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസവും മൊത്ത വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്. ഇന്നലെ 101.84 ദലശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്.
വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയും പ്രശ്നപരിഹാരത്തിന് വഴികാണാതെ കെ.എസ്.ഇ.ബി പ്രതിസന്ധി നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഉന്നതതലയോഗം ചേർന്നു. പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ ഊർജ വകുപ്പിന് മാത്രമായി കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം. ദിനംപ്രതി 15 മുതൽ 20 കോടി രൂപ നൽകി പവർ എക്സ്ചേഞ്ചിൽനിന്നു വൈദ്യുതി വാങ്ങിയാണിപ്പോൾ ലോഡ് ഷെഡിങ് ഒഴിവാക്കുന്നത്.
കെ.എസ്.ഇ.ബി സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ ഈ രീതിയിൽ മുന്നോട്ടുപോകാനാവില്ലെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള സമ്മർദ്ധം വകുപ്പിന് മുകളിലുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
വൈദ്യുതി വാങ്ങാൻ ബോർഡ് ചെലവഴിക്കുന്ന തുക ഭാവിയിൽ ഉപഭോക്താക്കൾ സർചാർജായി നൽകേണ്ടി വന്നേക്കും. വേനൽമഴ കുറവായതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്ക സൃഷ്ടിക്കുകയാണ്. വേനൽക്കാല ആവശ്യത്തിന് കൂടുതൽ വൈദ്യുതി മൂന്നു കമ്പനികളിൽനിന്ന് യൂനിറ്റിന് 8.69 രൂപ നിരക്കിൽ വാങ്ങാൻ റെഗുലേറ്ററി കമീഷൻ നേരത്തേ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.