വഴിത്തിരിവായത് സുധീരന്റെ വരവ്; രാഹുൽ ഗാന്ധിയെ കണ്ടത് രണ്ട് മണിക്കൂറിലേറെ

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി നിർണയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനത്തിൽ വഴിത്തിരിവായത് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ വരവ്. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സ്ത്രീജനങ്ങളും ചെറുപ്പക്കാരും ഒന്നടങ്കം സതീശനെ മുഖ്യമന്ത്രിയാക്കാനാണ് ആവശ്യപ്പെടുന്നതെന്നും മറിച്ചൊരു തീരുമാനം കേരളത്തിൽ കോൺഗ്രസിന് ആത്മഹത്യപരമായിരിക്കുമെന്നും സുധീരൻ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തി.

കേരളത്തിൽ വി.ഡി. സതീശനുള്ള ജനപിന്തുണ വ്യാജമാണെന്നും പെയ്ഡ് പി.ആർ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ കൃത്രിമമായി കെട്ടിച്ചമച്ചതാണെന്നും ശാഫി പറമ്പിലും എ.പി. അനിൽ കുമാറും പി.സി. വിഷ്ണുനാഥും അടക്കമുള്ളവർ രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചതിന് പിന്നാലെ സുധീരൻ നടത്തിയ രണ്ട് മണിക്കൂർ നീണ്ട സംഭാഷണത്തിലാണ് സതീശനെതിരായ പ്രചാരണങ്ങളത്രയും പൊളിച്ചടുക്കിയത്.

കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര വ്യക്തതയുള്ള നേതാവായ വി.ഡി. സതീശൻ വർഗീയ ശക്തികൾക്കും വിദ്വേഷ പ്രചാരകരായ സമുദായ നേതാക്കൾക്കുമെതിരെ ശക്തമായി പ്രതികരിച്ച് കേരളത്തിന്റെ മതേതരത്വം ഉയർത്തിപ്പിടിച്ചതിലൂടെ ലഭിച്ചതാണ് ഈ ജനസ്വീകാര്യതയെന്നും വി.എം. സുധീരൻ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചു. വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവനകളെ അപലപിച്ച സതീശന് ഈഴവ സമുദായത്തിൽപോലും വലിയ സ്വീകാര്യത ലഭിച്ചപ്പോൾ അദ്ദേഹത്തെ ആനയിച്ച പിണറായി വിജയന് വൻ തിരിച്ചടി നേരിട്ടുവെന്നും സുധീരൻ അറിയിച്ചു.

മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയസ്ഥിതിവിശേഷം എന്താണെന്ന് പൂർണാർഥത്തിലുള്ള അറിവ് രാഹുലിന് ഇല്ലായിരുന്നുവെന്ന് മനസ്സിലാക്കി വിശദീകരിച്ചതുകൊണ്ടാണ് കെ. മുരളീധരൻ പോലും 15 മിനിറ്റുകൊണ്ട് തീർത്ത കൂടിക്കാഴ്ചക്ക് സുധീരൻ രണ്ട് മണിക്കൂറോളം സമയമെടുത്തത്. ഏറ്റവും അവസാനത്തെ ആളെന്ന നിലക്ക് രാഹുൽ നിരവധി സംശയങ്ങളും ചോദ്യങ്ങളും സുധീരന് മുമ്പാകെ ഉന്നയിക്കുകയും അതിനെല്ലാം അദ്ദേഹം മറുപടി നൽകുകയും ചെയ്തു.

വി.ഡി. സതീശനെതിരെ മലയാളത്തിലെയും ഇംഗ്ലീഷിലെയും ചില മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളുമുപയോഗിച്ച് നടത്തുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും സുധീരൻ ധരിപ്പിച്ചു. ഹൈകമാൻഡിനെ വിരട്ടാൻ സതീശൻ നടത്തിക്കുന്നതാണ് പ്രതിഷേധ പ്രകടനങ്ങളെന്ന കെ.സി പക്ഷത്തിന്റെ വാദം തെറ്റാണെന്ന് സമർഥിച്ച സുധീരൻ, സതീശനെ അല്ലാത്ത മറിച്ചൊരു തീരുമാനമെടുത്താൽ കോൺഗ്രസിന് മാത്രമല്ല, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും രാഷ്ട്രീയ ഭാവിക്കുകൂടി തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പും നൽകി. കൂടിക്കാഴ്ചയോടെ രാഹുലിന് എല്ലാം ബോധ്യമായെന്ന് വ്യക്തമാക്കിയ സുധീരൻ സതീശനെ മാത്രമേ മുഖ്യമന്ത്രിയാക്കൂ എന്ന ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു.

എം.പിമാർ മത്സരിക്കുന്നത് ഹൈകമാൻഡ് വിലക്കിയ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചുവന്ന എം.എൽ.എമാർ മത്സരിക്കാത്ത ഒരു എം.പിയെ നിയമസഭാ കക്ഷി നേതാവാക്കുന്നത് യുക്തിസഹമല്ലെന്ന നിലപാടും സുധീരൻ കൈക്കൊണ്ടു. രാഹുൽ ഗാന്ധിയോട് സംസാരിച്ച എ.കെ. ആന്റണിയും ഇതേ നിലപാടിലായിരുന്നു.

Tags:    
News Summary - Sudheeran’s arrival proved to be the turning point

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.