തെരുവുനായ് വന്ധ്യംകരണം വ്യാപിപ്പിക്കാനുള്ള നീക്കം ലക്ഷ്യം കണ്ടില്ല; പദ്ധതി നിർവഹണത്തിലെ വീഴ്ചകൾമൂലം രണ്ട് കോടി പാഴായി
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവു നായ്ക്കളെ വന്ധ്യംകരിക്കാൻ ലക്ഷ്യമിട്ടുള്ള പോർട്ടബിൾ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി വ്യാപിപ്പിക്കാനുള്ള നീക്കം ലക്ഷ്യം കണ്ടില്ല. പദ്ധതി നിർവഹണത്തിലെ വീഴ്ചകൾ മൂലം ഏഴ് ജില്ലകളിൽ നടപ്പാക്കാനായി അനുവദിച്ച രണ്ട് കോടി രൂപ ഇതോടെ പാഴായി.
സ്ഥിരം എ.ബി.സി കേന്ദ്രങ്ങൾക്ക് ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടെത്തുന്നതിലെ പ്രയാസങ്ങൾക്കും പ്രാദേശിക എതിർപ്പുകൾക്കും പരിഹാരമായാണ് സർക്കാർ മൊബൈൽ യൂനിറ്റുകൾ ഒരുക്കിയത്. ശസ്ത്രക്രിയക്ക് ശേഷം 45 ദിവസത്തെ പരിചരണവും ആന്റി റാബീസ് വാക്സിനേഷനും നൽകി നായ്ക്കളെ പിടികൂടിയ സ്ഥലത്ത് തന്നെ തിരിച്ചു വിടുന്നതാണ് ഈ രീതി.
കഴിഞ്ഞ സാമ്പത്തിക വർഷം കൊല്ലം, തൃശൂർ, എറണാകുളം, മലപ്പുറം, കണ്ണൂർ, പാലക്കാട്, കോട്ടയം ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിട്ടിരുന്നു. അതേസമയം, രാജ്യത്തെ ആദ്യത്തെ പോർട്ടബിൾ യൂനിറ്റായി 2025 ഒക്ടോബറിൽ തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയിൽ ആരംഭിച്ച പദ്ധതി ഒരു വർഷമായിട്ടും പ്രാരംഭ ഘട്ടത്തിലാണ്.
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 17 ലക്ഷം പേർക്കാണ് തെരുവു നായ്ക്കളുടെ കടിയേറ്റത്. 136 പേർ പേ വിഷബാധയേറ്റ് മരിച്ചു. ഈ വർഷം 2.18 ലക്ഷം പേർക്ക് കടിയേറ്റതായാണ് കണക്ക്.
ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത് തിരുവനന്തപുരം ജില്ലയിലാണ്. കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റതും കൂടുതൽ പേർ മരിച്ചതും. തിരുവനന്തപുരം വർക്കലയിൽ കഴിഞ്ഞ ദിവസവും തെരുവു നായ് ആക്രമണം ഉണ്ടായി. പൂക്കടയ്ക്കുള്ളിൽ കയറിയ നായ് വയോധികയുടെ കാലിൽ കടിക്കുകയായിരുന്നു.
തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുമ്പോഴും അധികാരികളുടെ അലംഭാവത്തിൽ പദ്ധതികൾ കടലാസിൽ ഒതുങ്ങുകയാണെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.