മാസപ്പടിക്കേസിൽ പിണറായിക്ക് ആശ്വാസം; വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രിം കോടതി
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രിം കോടതിയിൽ ആശ്വാസം. കേസിലെ വിജിലൻസ് അന്വേഷണം സുപ്രിം കോടതി തടഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഒരൊറ്റ ദിവസം കൊണ്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ മാത്രം എന്ത് അടിയന്തര പ്രാധാന്യമാണ് ഈ കേസിനുള്ളതെന്ന് ജസ്റ്റിസ് മോഹന ചോദിച്ചു. ഹൈക്കോടതി അപ്പീൽ പരിഗണിക്കാത്തതിൽ വിമർശനം ഉന്നയിച്ച സുപ്രിം കോടതി ഹരജി ഹൈക്കോടതിയിലേക്ക് തിരികെ അയച്ചു.
വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടിയെ ചോദ്യം ചെയ്താണ് പിണറായി വിജയൻ, മകൾ ടി. വീണ, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവർ സുപ്രീം കോടതിയെ സമീപിച്ചത്. ആരോപണവിധേയരുടെ ഭാഗം കേൾക്കാതെ സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിൽ ഇടപെടാൻ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് പിണറായിയും കുടുംബവും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ നീങ്ങിയേക്കാം എന്നതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ദസറ അവധിക്കാലത്ത് സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് പിണറായി വിജയൻ ഉൾപ്പെടെ എല്ലാ കക്ഷികളുടെയും ഹർജികൾ പരിഗണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.