സുഗന്ധഗിരി മരംമുറി: വിശദീകരണം നൽകാനുള്ള സാവകാശം നൽകാത്തതിന് പിന്നിൽ ദൂരൂഹതയെന്ന് ആക്ഷേപം

കൽപ്പറ്റ: വയനാട് സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിലെ മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒക്ക് വിശദീകരണം നൽകാനുള്ള സാവകാശം പോലും നൽകാതെ നടപടിയെടുത്തതിൽ ദൂരൂഹതയെന്ന് ആക്ഷേപം.  ഡിഎഫ്ഒ എ. സജ്നക്ക് നൽകിയ വിശദീകരണം തേടിയുള്ള കത്ത് മണിക്കൂറുകൾക്കം റദ്ദാക്കി സസ്പെൻഡ് ചെയ്തതിലാണ് അടിമുടി ദുരൂഹത. ചട്ടങ്ങൾ പാലിക്കാതെയുള്ള സസ്പെൻഷന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്നാണ് വനംവകുപ്പിനുള്ളിലെ സംസാരം. ബുധനാഴ്ച പുലർച്ചെ 12.19നാണ് സൗത്ത് വയനാട് ഡിഎഫ്ഒ എ. സജ്നയോട് സുഗന്ധഗിരി മരംമുറിയിൽ വിശദീകരണം തേടിയുള്ള കത്ത് തയാറാക്കിയത്.

വനംവിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലുകൾ അടിസ്ഥാമാക്കിയായിരുന്നു നടപടി. 15 ദിവസത്തിനകം വിശദീകരണം നൽകാനാണ് നോട്ടീസ് നൽകിയത്. മരംമുറിക്കേസിന്‍റെ മേൽനോട്ടത്തിൽ വീഴ്ചയും ജാഗ്രതക്കുറവുമുണ്ടായി എന്നായിരുന്നു കോട്ടയം ഐ ആൻഡ് ഇ.സി.എഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ. എന്നാൽ വിശദീകരണം നൽകും മുമ്പ്, വൈകീട്ട് 3:54ന് നോട്ടീസ് റദ്ദാക്കി.

അർധരാത്രിയോടെ വനംവകുപ്പ് ഡി.എഫ്.ഒ ഉൾപ്പെടെ മൂന്നുപേരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി. ഡി.എഫ്.ഒയെ സസ്പെൻഡ് ചെയ്യാൻ ചിലർ ഗൂഢാലോചന നടത്തിയെന്ന വിമർശനം വനംവകുപ്പിനകത്തും ഉയരുന്നുണ്ട്. ട്രിബ്യൂണലിനെയോ കോടതിയെയോ സമീപിച്ചാൽ തിരിച്ചെടിയുണ്ടാകുമെന്ന് മനസിലായതോടെയാണ് വ്യാഴാഴ്ച വൈകീട്ടോടെ സസ്പെൻഷൻ സർക്കാർ മരവിപ്പിച്ചത്. സുഗന്ധഗിരി മരം മുറി കേസിലെ സസ്പെൻഷൻ പിൻവലിച്ച നടപടിയെ മന്ത്രി എകെ ശശീന്ദ്രൻ ന്യായീകരിച്ചു. ഡി.എഫ്.ഒയോട് വിശദീകരണം ചോദിക്കാതെയാണ് നടപടി എടുത്തത്. അതിനാലാണ് സസ്പെൻഷൻ പിൻവലിച്ചതെന്നാണ് വനംമന്ത്രിയുടെ നിലപാട്.

ഡിഎഫ്ഒയ്‌ക്കൊപ്പം സസ്പെൻഷൻ നേരിടേണ്ടി വന്ന ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസറും എം. സജീവനും സംഘടനാ നേതാവ് കൂടിയായ ഡപ്യൂട്ടി റേഞ്ച് ഓഫിസർ (ഗ്രേഡ്) ബീരാൻകുട്ടിയും ഇതോടൊപ്പം രക്ഷപെട്ടു. അതേ സമയം ആദിവാസി വിഭാഗത്തിൽപ്പെട്ട റേഞ്ച് ഓഫിസർ ഇരയാവുകയും ചെയ്തു. റേഞ്ച് ഓഫിസർ നീതു വനംവകുപ്പിൽ ജോലിയിൽ പ്രവേശിച്ചിട്ട് എട്ടു വർഷമായെങ്കിലും കൽപ്പറ്റ എത്തിയിട്ട് എട്ടു മാസമേ ആയിട്ടുള്ളു. വനം വകുപ്പിലെ മാഫിയ ബന്ധമുള്ള ചില ഉദ്യോഗസ്ഥർ നീതുവിനെ ചതിച്ചുവെന്നാണ് ഒരു വിഭാഗം പറയുന്നത്. റേഞ്ച് ഓഫിസർ ഫീൽഡിൽ പോയി മുറിക്കേണ്ട 20 മരങ്ങൾ മാർക്ക് ചെയ്ത് കൊടുത്തിരുന്നു. പിന്നീട് മരം മുറിക്കുമ്പോൾ ഫീൽഡിൽ ഉണ്ടായിരുന്നത് വനംവകുപ്പിലെ ജീവനക്കാരായിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥൻ ജോൺസൻ യൂനിഫോമിൽ മരം മുറിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. അതിനാൽ അനധികൃതമായിട്ടാണ് മരം മുറിക്കുന്നതെന്ന് ആദിവാസികൾ അറിഞ്ഞില്ല. മരം മുറിച്ച് കടത്തിയതിന് ശേഷമാണ് പരാതി ലഭിച്ചത്. തുടർ നടപടി സ്വീകരിച്ചത് റേഞ്ച് ഓഫിസർ നീതുവാണ്. മരങ്ങൾ നഷ്ടപ്പെട്ടത് ആദിവാസി ഭൂമിയിൽ നിന്നാണ്. മരംമുറികേസിൽ സസ്പെൻഷൻ ലഭിച്ചതിൽ ആദിവാസി വിഭാഗത്തിലെ റേഞ്ച് ഓഫിസറുമുണ്ട്. 

Tags:    
News Summary - Sudhangiri tree felling: Allegation of mystery behind not giving time to explain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.