വിജയമായ് തൂവൽസ്പർശം സ്തനാർബുദ പരിശോധന കാമ്പ്

തിരുവനന്തപുരം: സ്ത്രീകളിലെ സ്തനാർബുദം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി കോർപ്പറേഷനും എറണാകുളം ജനറൽ ആശുപത്രിയും ദേശീയ നഗരാരോഗ്യ ദൗത്യവും, ഐ.സി.എം.ആറും സംയുക്തമായി സംഘടിപ്പിച്ച " തൂവൽ സ്പർശം " സ്തനാർബുദ നിർണയ കാമ്പ് തരംഗമായി.

പദ്ധതിയുടെ ഭാഗമായി കൊച്ചി കോർപ്പറേഷൻ പരിധിയിലെ 14 ഡിവിഷനുകളിലും കാമ്പുകൾ സംഘടിപ്പിച്ചു. 74 ഡോക്ടർമാരും 74 നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ നഗരാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശാപ്രവർത്തകർ എന്നിങ്ങനെ 1000 ത്തോളം ആരോഗ്യ പ്രവർത്തകർ ക്യാമ്പുകൾ നയിച്ചു.

ഒക്ടോബർ 12 മുതൽ ഒരു മാസം നീണ്ടുനിന്ന ഭവന സന്ദർശന പരിപാടിയിൽ അർബുദം സംശയാസ്പദമായി കണ്ടെത്തിയവരിലാണ് ഇന്ന് നടന്ന കാമ്പിൽ തുടർ പരിശോധനകൾക്ക് വിധേയരാക്കിയത്. പരിശീലനം ലഭിച്ച ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ഭവനങ്ങളിലെത്തിയാണ് ഈ ഗൃഹാധിഷ്ടിത സ്ക്രീനിങ് നടത്തിയത്. ഇതിലൂടെ 40 വയസിൻ മുകളിലുള്ള 27000 പേരെയാണ് പ്രാഥമിക സ്ക്രീനിങിന് തിരെഞ്ഞെടുത്തത്. ഇതിൽ നിന്നും കണ്ടെത്തിയ 3000 ത്തോളം പേരാണ് ഇന്നത്തെ സ്ക്രീനിങ് പരിപാടിയിൽ പങ്കെടുത്തത്.

ഇവരിൽ 500 ആളുകളെ ജനറൽ ആശുപത്രിയിലെ ക്യാൻസർ വിഭാഗത്തിൽ തുടർ ചികിത്സ ഉറപ്പാക്കും. നവംബർ 14 മുതൽ മൂന്നു മാസം വരെ ചൊവ്വ, ശനി ദിവസങ്ങളിൽ പ്രത്യേകമായി ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുണ്ട്. തുടർന്ന് ആവശ്യമായ മാമ്മോഗ്രാം, അൾട്രാസൗണ്ട് സ്കാനിങ്, സൈറ്റോളജി തുടങ്ങിയ സൗകര്യങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

സ്ത്രീകളിൽ ഏറ്റവും അധികം കാണുന്ന അർബുദമാണ് സ്തനാർബുദം. വൈകിയുള്ള രോഗനിർണയം ആന്തരിക അവയവങ്ങളിലേയ്ക്ക് ക്യാൻസർ പടരുന്നതിന് കാരണമാകുന്നു. ഇത് പ്രസ്തുത വ്യക്തികളുടെ ജീവനുതന്നെ ഹാനികരമാണ്. കാൻസർ രോഗികളുടെ ഇടയിൽ മരണനിരക്ക് കൂടുവാനുള്ള കാരണങ്ങളിൽ ഒന്നായി വ്യാഖ്യാനിക്കപ്പെടുന്നത് ഇത്തരത്തിൽ വൈകിയുള്ള കണ്ടെത്തലുകളാണ്.

കൊച്ചിൻ കോർപറേഷന്റെ പരിധിയിൽ വരുന്ന മുഴുവൻ ജനങ്ങളേയും സമഗ്രമായ കാൻസർ സക്രീനിങ് പദ്ധതിയിലൂടെ കൊണ്ടുപോവുക എന്നതാണ് ലക്ഷ്യമെന്നും, തൂവൽ സ്പർശം സ്തനാർബുദ നിർണയ പദ്ധതിയിൽ ഒപ്പം നിന്ന് പ്രവർത്തിച്ച കൗൺസിലർമാരേയും ഡോക്ടർമാർ, നേഴ്സുമാർ,ജൂനിയർ പബ്ലിക് നേഴ്സ് മാർ , ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ , മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ അഭിനന്ദിക്കുന്നുവെന്നും കോർപറേഷൻ മേയർ അഡ്വ. അനിൽ കുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിർഷ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രോഹിണി എന്നിവർ അറിയിച്ചു.

Tags:    
News Summary - Successfully breast cancer screening core

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.