നിലമ്പൂർ: വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം നിർഭാഗ്യകരമെന്ന് നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ്. എന്നാൽ, രണ്ട് വോട്ട് കൂടുതൽ കിട്ടുമെന്ന ധാരണയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും കൊടിയെടുത്ത് ഇറങ്ങുന്നതും ഹീനമാണെന്നും സ്വരാജ് പറഞ്ഞു.
സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകരമായ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. കൂടുതൽ പ്രതികളുണ്ടോയെന്ന് പരിശോധിക്കുകയാണ്. പ്രധാന പ്രതി ഇത്തരത്തിൽ കെണിയൊരുക്കുന്നത് ഒരു ബിസിനസ്സാക്കിയ ആളാണെന്ന് നാട്ടുകാർ പറയുന്നുണ്ട്. മുമ്പ് നടന്ന ഇത്തരം സംഭവങ്ങളിൽ നടപടിയെടുത്തില്ല എന്നത് പൂർണമായും ശരിയല്ല. പല കേസുകളിലും നടപടിയെടുത്തിട്ടുണ്ട്. പല സംഭവങ്ങളിലും കേസ് തുടരുകയാണ് -സ്വരാജ് പറഞ്ഞു.
ഇത്തരം സംഭവങ്ങളിൽ പ്രതിഷേധങ്ങൾക്ക് ആർക്കും അവകാശമുണ്ട്. എന്നാൽ, വഴി തടഞ്ഞ് പ്രതിഷേധിച്ചത് ജില്ല ആശുപത്രിയിലേക്കുള്ള റോഡാണ്. നിലമ്പൂരിന് പുറത്തുനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളാണ് ഉത്തരവാദിത്തം കാട്ടാതെ ഇതിന് നേതൃത്വം കൊടുത്തത്. അത്യാസന്ന നിലയിൽ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നാൽ ഇത് കൂടുതൽ വഷളാക്കാനേ സഹായിക്കൂ.
ഒരാൾ മരിച്ചാൽ ദു:ഖത്തിൽ പങ്കെടുക്കുക എന്നത് മനുഷ്യസഹജമായ കാര്യമാണ്. എന്നാൽ, അപ്പോൾ തന്നെ കൊടിയെടുത്ത് ഇറങ്ങണം, രാഷ്ട്രീയ മുതലെടുപ്പ് നടത്തണം, രണ്ട് വോട്ട് കൂടുതൽ കിട്ടും എന്ന് കരുതുന്നത് ഹീനമാണ് -സ്വരാജ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർഥി അനന്തു വിജയ് (15) ഷോക്കേറ്റ് മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഷോക്കേറ്റ് പരിക്കേറ്റ മറ്റ് രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.