വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസ്: കേരളം വിടരുതെന്ന ഉപാധി ഒഴിവാക്കാൻ വേടന്‍റെ ഹരജി

കൊച്ചി: ഗവേഷക വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർജാമ്യം അനുവദിച്ചപ്പോഴുള്ള രണ്ട്​ ഉപാധികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ ഗായകൻ വി.എം. ഹിരൺദാസ്​ എന്ന വേടന്‍റെ ഹരജി. നവംബർ, ഡിസംബർ മാസങ്ങളിൽ വിദേശങ്ങളിലടക്കം സ്​റ്റേജ്​ പരിപാടികളുള്ളതിനാൽ കോടതി അനുമതിയില്ലാതെ കേരളം വിടരുതെന്നും എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണമെന്നുമുള്ള ഉപാധികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ്​ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്​.

എറണാകുളം സെൻ​ട്രൽ പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിൽ സെപ്​റ്റംബർ ഒമ്പതിനാണ്​ എറണാകുളം സെഷൻസ്​ കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്​. സ്​റ്റേജ്​ പരിപാടികൾക്ക്​ നിരന്തരം കേരളത്തിന്​ പുറത്ത്​ പോകേണ്ടിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കേരളം വിടരുതെന്ന ഉപാധി ഒഴിവാക്കാൻ സെഷൻസ്​ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സെപ്​റ്റംബർ 23 മുതൽ ഒക്​ടോബർ 23 വരെ മാത്രം ഉപാധി ഒഴിവാക്കുകയാണ്​ ചെയ്തത്​.

ഒക്​​ടോബർ 25 മുതൽ ഡിസംബർ 20 വരെ വിവിധ രാജ്യങ്ങളിൽ സ്​റ്റേജ്​ പരിപാടികളുണ്ട്​. യാത്രാരേഖകൾക്ക്​ പാസ്പോർട്ട്​ നൽകേണ്ടതുണ്ട്​. തന്‍റെ ജീവിതോപാധിയാണ്​ സംഗീത പരിപാടികൾ എന്നത്​ കണക്കിലെടുത്ത്​ രണ്ട്​ ഉപാധികളും സ്ഥിരമായി ഒഴിവാക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം.

യുവതി നേരിട്ടെത്തി മൊഴി നൽകണമെന്ന നോട്ടീസ് പിൻവലിച്ചതായി സർക്കാർ

കൊച്ചി: റാപ് ഗായകൻ ഹിരൺദാസ് മുരളി എന്ന വേടനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതി നേരിട്ടെത്തി മൊഴി നൽകണമെന്ന നോട്ടീസ് പിൻവലിച്ചതായി സർക്കാർ ഹൈകോടതിയിൽ. മുഖ്യമന്ത്രിക്ക് നൽകിയ പരാതി കൈമാറിക്കിട്ടിയതിനെ തുടർന്ന് രജിസ്റ്റർചെയ്ത കേസിൽ എറണാകുളം സെൻട്രൽ പൊലീസ്​ നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ യുവതി ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ്​ വിശദീകരണം. വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് സി. പ്രതീപ്‌കുമാർ ഹരജി തീർപ്പാക്കി.

Tags:    
News Summary - Student rape case: Vedan's plea to remove condition not to leave Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.